ആര്‍.സി.ബി ബോളര്‍ ഹസരംഗയുടെ വിക്കറ്റ് സെലിബ്രേഷന്‍ ആക്ഷന്റെ കാരണം ബ്രസീലിന്റെ ഫുട്‌ബോള്‍ താരം നെയ്മര്‍...!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 15 ാം സീസണില്‍ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചതാരാണെന്ന് ചോദിച്ചാല്‍ ഒറ്റ മറുപടിയേയുള്ളു. ആര്‍സിബിയുടെ ശ്രീലങ്കന്‍ ബൗളര്‍ വാനിണ്ടു ഹസരംഗ. ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സും ആര്‍സിബിയും തമ്മില്‍ നടന്ന മത്സരത്തില്‍ നാലു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

നാല് ഓവര്‍ എറിഞ്ഞ താരം 20 റണ്‍സ് വിട്ടുകൊടുത്തായിരുന്നു നാലു വിക്കറ്റ് വീഴ്ത്തിയത്. കളിയിലെ കേമനാകുകയും ചെയ്തു. ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും താരത്തിന്റെ വിക്കറ്റ് സെലിബ്രേഷന്‍ ഒരേ ആക്ഷനിലുള്ളതായിരുന്നു. ഇതിന് പിന്നിലെ കാരണം പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ ചോദിക്കപ്പെട്ടു. ഇതിന് താരം നല്‍കിയ മറുപടി നെയ്മര്‍ ജൂണിയര്‍ എന്നായിരുന്നു.

ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ബ്രസീലിന്റെ നെയ്മറിന്‍െ ഗോള്‍ സെലിബ്രേഷന്റെ അനുകരണമാണ് താന്‍ നടത്തിയതെന്നാണ് താരം പറഞ്ഞത്. ഒരു സമ്മര്‍ദ്ദവുമില്ലാതെ കളിക്കാനായതാണ് ഈ വിക്കറ്റ് നേട്ടത്തിന് കാണമായി താരം പറഞ്ഞത്. ആദ്യ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ 40 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടാനെ കഴിഞ്ഞിരുന്നുള്ളൂ.

കൊല്‍ക്കത്തയുടെ അപകടകാരിയായ നായകന്‍ ശ്രേയസ് അയ്യരായിരുന്നു ഹസരംഗയുടെ ആദ്യ ഇര. പിന്നാലെ സുനില്‍ നരേയ്‌നെയും കൂടാരം കയറ്റിയ താരം തൊട്ടുപിന്നിലെ വിക്കറ്റ് കീപ്പര്‍ ഷെല്‍ഡന്‍ ജാക്‌സണെയും പുറത്താക്കി. തന്റെ സ്‌പെല്ലിലെ അവസാന ഓവര്‍ എറിയാന്‍ വന്നത് 15 ാം ഓവറിലായിരുന്നു. ഈ സമയത്ത് ടീം സൗത്തിയെയും താരം പുറത്താക്കി.