40 ജയവും 17 തോല്‍വിയും 11 സമനിലയും ; മഹത്തായ നേതൃത്വം, ടീമിനെ അവാച്യമായ ഉയരങ്ങളിലെത്തിച്ച നായകന്‍

ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റ കനത്ത തിരിച്ചടിയക്ക് പിന്നാലെ വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ പദവി രാജിവെച്ചത് ശരിവെച്ച് ബിസിസിഐ. കോഹ്ലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ  അഭിനന്ദനവും ആശംസകളും ബിസിസിഐ അര്‍പ്പിച്ചിട്ടുണ്ട്.

നായകനായി കോഹ്ലി ഇന്ത്യയ്ക്ക് നല്‍കിയത് മികച്ച സംഭാവനയാണെന്നും ഇന്ത്യന്‍ ടീമിനെ ഉപമിക്കാന്‍ കഴിയാത്ത ഉയരങ്ങളിലേക്കാണ് അദ്ദേഹം നയിച്ചതെന്നും ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു. മഹാനായ നായകന് എല്ലാവിധ ഭാവുകങ്ങളും അര്‍പ്പിച്ചിട്ടുണ്ട്.

68 മത്സരങ്ങളില്‍ 40 വിജയം നേടിക്കൊടുത്ത ഏറ്റവും മികച്ച നായകനായിട്ടാണ് കോഹ്ലി പടിയിറങ്ങുന്നത്. അദ്ദേഹത്തിന്റെ കാലത്ത് 17 മത്സരങ്ങളിലേ കോഹ്ലിയ്ക്ക് കീഴില്‍ ഇന്ത്യ തോല്‍വി അറിഞ്ഞിട്ടുള്ളൂ. 11 മത്സരങ്ങള്‍ സമനിലയിലായി.

ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത തരത്തിലുള്ള മികച്ച സംഘമായി മാറ്റിയെടുത്തത് വിരാടിന്റെ കാലത്തായിരുന്നെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ കുറിച്ചു.

ഓസ്‌ട്രേലിയയിലും ഇംഗ്‌ളണ്ടിലും നേടിയ വിജയം സ്‌പെഷ്യലായിരുന്നു എന്നും പറഞ്ഞു. എംഎസ് ധോനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം 2014-15 ടൂറിലായിരുന്നു കോഹ്ലി ആദ്യമായി ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് നായകനായത്.

പിന്നീട് വന്ന വര്‍ഷങ്ങളില്‍ ടെസ്റ്റിലെ നമ്പര്‍വണ്‍ ടീമായിട്ടാണ് ഇന്ത്യ മാറിയത്. പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യയെ എത്തിച്ച നായകന്‍ കൂടിയാണ് വിരാട് കോഹ്ലി. പക്ഷേ ന്യൂസിലന്റിനോടായിരുന്നു ഫൈനലില്‍ പരാജയപ്പെട്ടത്.