ഇന്ത്യ-പാക് ഗ്രൂപ്പിലേക്ക് കുഞ്ഞന്മാരും, വരവ് തോല്‍വി അറിയാതെ

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെട്ട് ഗ്രൂപ്പിലേക്ക് ഹോങ്കോങ്ങും. യുഎഇയിയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് ഏഷ്യാ കപ്പ് യോഗ്യത നേടിയെടുത്തത്. യോഗ്യതാ മത്സരങ്ങളില്‍ തോല്‍വി അറിയാത്ത ഏക ടീം ഹോങ്കോങ്ങാണ്.

ഇന്ത്യയ്‌ക്കെതിരെ ഈ മാസം 31 നാണ് ഹോങ്കോങ്ങിന്റെ ആദ്യ മത്സരം. സെപ്തംബര്‍ 2നാണ് പാകിസ്ഥനെതിരായ ഹോങ്കോങിന്റെ മത്സരം. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്താന്‍, ഹോങ്കോങ് ഉള്‍പ്പെടുമ്പോള്‍ ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഉള്ളത്.

തോല്‍വിയറിയാതെയാണ് ഹോങ്കോങ് എത്തുന്നതെങ്കിലും വലിയ ഭീഷണി ഉയര്‍ത്താനുള്ള സാധ്യതയില്ല. ഹോങ്കോങ്ങിനെതിരേ വമ്പന്‍ ജയം തന്നെയാവും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും പ്രതീക്ഷിക്കുന്നതെന്ന് പറയാം. ഹോങ്കോങ് അട്ടിമറി നടത്തുമോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും.

27ന് ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരത്തോടെയാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. 28ന് ഇന്ത്യ-പാക് പോരാട്ടവും നടക്കും. ദുബായില്‍ ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ് തീര്‍ന്നിട്ടുണ്ട്.

അവസാനമായി 2021ലെ ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക് നിരക്കായിരുന്നു. ഇതിന് പകരംവീട്ടാനുറച്ചാണ് ഇന്ത്യ ഏഷ്യാ കപ്പിനിറങ്ങുന്നത്.