സ്ത്രീ സൗഹൃദം, ജന്‍ഡര്‍ പ്ലസ് : വീണ്ടും 'കിഫ്ബി'യില്‍ തൂങ്ങി ഐസക്‌

സ്ത്രീ സൗഹൃദമായ ജന്‍ഡര്‍ ബജറ്റ് – തോമസ് ഐസക്കിന്റെ പുതിയ ബജറ്റിനെ ഒരു വാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം.മുന്‍ വര്‍ഷേത്തേതു പോലെ തന്നെ ഇക്കുറിയും തുണയായി കിഫ്ബിയെ കൂട്ടു പിടിച്ചാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളില്‍ നല്ലൊരു പങ്കും.

സവിശേഷമായ സ്ത്രീ ശാക്തീകരണ പദ്ധതികൾ ബജറ്റിൽ വാരി വിതറിയിരിക്കുന്നത് കാണാം. മൊത്തം പദ്ധതി ചെലവിന്റെ 14.6 ശതമാനം സ്ത്രീകൾക്കായുള്ള പദ്ധതികൾക്കായി ബജറ്റ് നീക്കി വച്ചിരിക്കുന്നു.

പ്രത്യേക പദ്ധതികൾക്കായി 1267 കോടി രൂപയും സ്ത്രീകൾ ഗുണഭോക്താക്കളായി വരുന്ന പദ്ധതികൾക്ക് 1960 കോടി രൂപയും വകയിരുത്തിയിരിക്കുന്നു. പുറമെ കുടുംബശ്രീ വഴിയായി 200 കോടി രൂപയും ചെലവഴിക്കുന്നു. അതുകൊണ്ട് കേരളത്തിൽ അവതരിപ്പിച്ചിട്ടുള്ള ബജറ്റുകളിൽ ഏറ്റവും സ്ത്രീ സൗഹൃദം എന്ന് പുതിയ ബജറ്റിനെ വിശേഷിപ്പിക്കാം.

ഇതിനൊപ്പം ഭിന്നശേഷിക്കാർക്കും ബജറ്റ് പ്രത്യേക പരിഗണന നൽകിയിരിക്കുന്നു. ഇവരുടെ ക്ഷേമത്തിനായി 289 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 40000 സ്മാർട്ട് ക്ലാസ് റൂമുകൾ നിർമിക്കുന്നതിനും 200 പഞ്ചായത്തുകളിൽ ബഡ്‌സ് സ്കൂളുകൾ ആരംഭിക്കുന്നതിനും ബജറ്റിൽ നിർദേശമുണ്ട്.

ഭൂമിയുടെ ന്യായ വിലയിൽ 10 ശതമാനം വർധന വരുത്തിയിട്ടുണ്ട് . മദ്യത്തിന്റെ നികുതിയിലും വർധന വരുത്തിയിരിക്കുന്നു. 400 രൂപയ്ക്കു താഴെയുള്ള മദ്യത്തിന്റെ വില്പന നികുതി 200 ശതമാനമായും 400 രൂപക്ക് മുകളിൽ വിലയുള്ളവക്ക് 210 ശതമാനവും നികുതി വരും. പൊതു വിദ്യാഭ്യാസത്തിന് 970 കോടിയും ചെറുകിട വ്യവസായങ്ങൾക്ക് 160 കോടിയും ബജറ്റ് വകയിരുത്തിയിരിക്കുന്നു.

42 പുതിയ റെയിൽവേ ഓവർ ബ്രിഡ്ജുകൾ നിർമിക്കുന്നതിനും ബജറ്റിൽ നിർദേശമുണ്ട്. 1459 കോടി രൂപ പുതിയ പാലങ്ങളുടെയും റോഡുകളുടെയും നിർമാണത്തിനായി നീക്കി വച്ചിരിക്കുന്നു.
പ്രതിസന്ധി നേരിടുന്ന കെ. എസ. ആർ ടി സിക്ക് 1000 കോടി രൂപ നൽകും. 2000 പുതിയ ബസുകൾ വാങ്ങുന്നതിനും നിർദേശമുണ്ട്. കെ എസ് ആർ ടി സിയെ മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കും. പെൻഷൻ കുടിശിക അടക്കം നൽകുന്നതിന് സംസ്ഥാന സഹകരണ ബാങ്കിന്റെയും ജില്ലാ സഹകരണ ബാങ്കുകളുടെയും കൺസോർഷ്യം വഴി ഫണ്ട് ലഭ്യമാക്കും.
നിർദിഷ്ട കേരള ബാങ്ക് അടുത്ത സാമ്പത്തിക വർഷത്തിൽ പ്രവർത്തനം തുടങ്ങും. മൊത്തം 102801. കോടി രൂപ വരവും 115661 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് 12661 കോടി രൂപയുടെ കമ്മി പ്രതീക്ഷിക്കുന്നു.