'വിമർശനങ്ങൾ നിങ്ങൾക്ക് ദഹിക്കില്ലെന്നറിയാം'; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന 'ജൂഡാ'സിനോട് ...!

സുചിത്ര മേനോൻ

“വിമർശനം സ്വീകാര്യമല്ലായിരിക്കാം, പക്ഷേ അത് ആവശ്യമാണ്. മനുഷ്യ ശരീരത്തിൽ വേദനയുടെ അതേ മടങ്ങിൽ അതു നിറവേറ്റുന്നു. അനാരോഗ്യകരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു””.
                                                                                 വിൻസന്റ് ചർച്ചിൽ

അടുത്തിടെയായി കൂടുതൽ ചർച്ച ചെയ്ത വിവാദങ്ങളിൽ ഒന്നാണ് നടി പാർവതി കസബയിലെ നായകൻ രാജൻ സക്കറിയയെപ്പറ്റി നടത്തിയ പരാമർശം. മലയാള സിനിമാ മേഖലയിലെ പ്രമുഖരും ചലച്ചിത്ര മേഖലയിലെ സ്ത്രീകളും പാർവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരുന്നു.

എന്നാൽ പാർവതിയെ അസഭ്യം പറഞ്ഞവരിൽ ഏറെയും അവർ പറഞ്ഞതിന്റെ സ്ത്രീപക്ഷ രാഷ്ട്രീയം തിരിച്ചറിയാൻ പോലും സാധിക്കാത്തവരാണ്. കസബയുടെ നിർമാതാവ്, സംവിധായകൻ, മമ്മൂട്ടി ഫാൻസ്‌ അസോസിയേറ്റിന്റെ വനിതാ നേതാവ് എന്നിവർക്ക് പിന്നാലെ പാർവതിയെ അധിക്ഷേപിച്ചു പോസ്റ്റിട്ടത് സംവിധായകനും നടനുമായ ജൂഡ് ആന്റണിയാണ്.

പാര്‍വതിയുടെ പേര് പറയാതെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങന്റെ കഥയൊക്കെ പറഞ്ഞായിരുന്നു ജൂഡിന്റെ പോസ്റ്റ്. എന്നാൽ തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞതാണോ പാർവതി ചെയ്ത തെറ്റ്..?

തന്റെ നിലപാടുകൾ തുറന്നു പറയാൻ ഒരു നടിക്ക് സ്വാതന്ത്ര്യമില്ലേ ..?

ഒരു ഇന്ത്യക്കാരി എന്ന നിലയ്ക്ക് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവർക്ക് സ്വാതന്ത്ര്യമില്ലേ? കസബയിലെ സ്ത്രീ വിരുദ്ധ പരാമർശം ഏതൊരാൾക്കും അറപ്പുളവാക്കുന്നതാണ്.

ഒരു പെണ്ണിന്റെ മടിക്കുത്തിന് കയറിപ്പിടിച്ചിട്ട് നിന്നെ ഗർഭിണിയാക്കും എന്ന് പറയുന്നതിനാണോ കൈയ്യടിക്കേണ്ടത് ? പുരുഷ മേധാവിത്വം അടക്കിവാണ മലയാള സിനിമാ മേഖലയെ ഉടച്ചുവാർക്കാൻ ചെറുതെങ്കിലും സ്തുത്യർഹമായ പ്രതിരോധം നടത്തുന്നത് പാർവതി കൂടി ഉൾപ്പെട്ട സ്ത്രീ സംഘടനയാണ്.

ഇവിടെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സൂപ്പർ താരം ആയത്കൊണ്ട് സ്ത്രീ വിരുദ്ധത അല്ലാതാവുന്നില്ല. അതിനെതിരെ പ്രതിഷേധിച്ചത് കൊണ്ട് തന്നെയാണ് ഫാൻസുകാരും ചില പ്രമുഖരും കടുത്ത ഭാഷയിൽ പ്രതികരിക്കാൻ തയ്യാറായതും എന്നതാണ് വാസ്തവം.

മറുപടി നൽകുന്നത് കൂട്ടം കൂടി അക്രമിച്ചോ..?

കസബയിലെ സക്കറിയ പോത്തൻ മാത്രമല്ല, ലീലയിലെ കുട്ടിയപ്പനും ദി കിംഗിലെ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സും മീശമാധവനിലെ കള്ളൻ മാധവനും നരസിംഹത്തിലെ ഇന്ദുചൂഡനുമൊക്കെ സൃഷ്ടിച്ച പുരുഷമേധാവിത്വ സിനിമകളിലും സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉൾപ്പെട്ടിരുന്നു.

അന്ന് അവയൊന്നും ചൂണ്ടിക്കാണിക്കാൻ സിനിമാ മേഖലയിൽ നിന്നാരും മുന്നോട്ടു വന്നിട്ടില്ല. എന്നാൽ വളരെ കാലങ്ങൾക്ക് ശേഷം തികച്ചും മോശമായ രീതിയിൽ സ്ത്രീ വിരുദ്ധത വീണ്ടും മലയാള സിനിമയിലൂടെ നിഴലിച്ചപ്പോൾ “തെറ്റ്” എന്ന് പറഞ്ഞതാണോ കുഴപ്പം.

എടുത്തുപറയാൻ കാണിച്ച ആർജ്ജവത്തെയല്ലേ നമ്മൾ പ്രശംസിക്കേണ്ടത്. അല്ല ഇനി അത്തരത്തിൽ എന്തെങ്കിലും മോശമായി നടി പറഞ്ഞാൽ തന്നെ അതിന് മറുപടി നൽകേണ്ടത് ഇങ്ങനെയാണോ? അവർ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കുകയല്ലേ ചെയ്യേണ്ടത്.