ലോകത്തിലെ ഏറ്റവും മനോഹര കെട്ടിടം; ദുബായ് ഫ്യൂച്ചര്‍ മ്യൂസിയം തുറന്നു

ലോകത്തിലെ ഏറ്റവും മനോഹര കെട്ടിടമായി വിശേഷിപ്പിക്കുന്ന ദുബായ് ഫ്യൂച്ചര്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തു. ചൊവ്വാഴ്ചയായിരുന്നു മ്യൂസിയത്തിന്റെ ഉദ്ഘാടനം. ഇനി മുതല്‍ സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിലെ വിസ്മയക്കാഴ്ചകള്‍ കണ്ടാസ്വദിക്കാം. 2071 വരെ യുഎഇ മുന്നില്‍ കാണുന്ന ഭാവിയെ കുറിച്ച് അറിയാനും അനുഭവിച്ചറിയാനുമുള്ള സജ്ജീകരണങ്ങളാണ് മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്നത്.

145 ദിര്‍ഹമാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശന നിരക്ക്. 77 മീറ്റര്‍ ഉയരത്തില്‍ 7 നിലകളുമായി ദീര്‍ഘവൃത്താകൃതിയിലാണ് മ്യൂസിയം. ഒരേ സമയം ആയിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹാളും സെമിനാര്‍ സൗകര്യങ്ങളും മ്യൂസിയത്തിലുണ്ട്. നിര്‍മിത ബുദ്ധി, റോബോട്ടിക്സ്, ബിഗ് ഡാറ്റാ അനാലിസിസ്, മനുഷ്യനും യന്ത്രങ്ങളും തമ്മിലെ ആശയവിനിമയം, ഇന്നൊവേഷന്‍ എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ഇതിനകത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍.

ഭാവിയിലേക്കുള്ള വിസ്മയക്കാഴ്ചകള്‍ അടങ്ങിയ മ്യൂസിയം ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം, കിരീടാവകാശി ഷെയ്ഖ് ഹംദാന്‍, ഉപഭരണാധികാരി ഷെയ്ഖ്് മക്തൂം എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ഈ മ്യൂസിയം ആഗോള ശാസ്ത്ര ഗവേഷണ വേദിയാണ്. പ്രതീക്ഷയുടെ സന്ദേശമാണ്. എല്ലാവരും ചേര്‍ന്ന് ഭാവിയെ രൂപകല്‍പ്പന ചെയ്യേണ്ട സ്ഥാപനമാണ് ഇതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.