ദുബായിയിലെ റിയല്‍ എസ്റ്റേറ്റ്: വമ്പന്‍ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുന്ന നിയമവുമായി സര്‍ക്കാര്‍

ദുബായിലെ ഭൂമി, വീടുകള്‍ എന്നിവയുടെ വില്‍പന നിയന്ത്രിക്കുന്ന ഉത്തരവ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുറപ്പെടുവിച്ചു. ഇതോടെ ഭൂമി, വീടുകള്‍ എന്നിവയുടെ വില്‍പന നിയന്ത്രിക്കുന്ന പുതിയ നിയമം ദുബായില്‍ നിലവില്‍ വന്നു.

പുതിയ ഉത്തരവ് പ്രകാരം ഗ്രാന്റ് ലഭിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണം, ഇവരുടെ കുടുംബങ്ങളുടെ സംരക്ഷണം, ദുബായിലെ താമസസ്ഥലങ്ങളിലെ ജനസംഖ്യാ സംരക്ഷണം എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്‌.

ഈ ഉത്തരവനുസരിച്ച്, മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് (എംആര്‍എച്ച്ഇ) ഗ്രാന്റിന്റെ ഗുണഭോക്താക്കള്‍ക്ക് അവരുടെ നിയമപരമായ പ്രതിനിധിയുടെ വീട്, ഭൂമി ഇവ വില്‍ക്കാന്‍ അനുവാദമുണ്ട്.

വീടിന്റെയോ ഭൂമിയുടേയോ വിറ്റതിന്റെ ഉദ്ദേശ്യം മറ്റൊരു വീടോ സ്ഥലമോ വാങ്ങുക എന്നതായിരിക്കണം. ഗുണഭോക്താവിന്റെ ഈ ഇടപാടുകള്‍ക്ക് എംആര്‍എച്ച്എയുടെ മേല്‍നോട്ടമുണ്ടാകും. ഒരിക്കല്‍ വീട്, ഭൂമി ഇവ വിറ്റ് പുതിയത് വാങ്ങിയവര്‍ക്ക് പിന്നീട് ഗ്രാന്റിന് അപേക്ഷിക്കാന്‍ കഴിയില്ല.

വീട്,ഭൂമി ഇവ വാങ്ങുന്നയാള്‍ യു.എ.ഇ പൗരന്‍ ആയിരിക്കണം. വസ്തുവിനോ വീടിനോ ഏതെങ്കിലും നിയമപരമോ സാമ്പത്തികമോ ആയ ബാധ്യത പാടില്ല. കൂടാതെ വില്‍പ്പന നടത്തുമ്പോള്‍ ലഭിക്കുന്ന വില വിപണ വിലയേക്കാള്‍ കുറവായിരിക്കരുത്. എല്ലാ വ്യവസ്ഥകളും പാലിച്ചാല്‍ മാത്രമേ ദുബായിലെ ലാന്‍ഡ് ആന്‍ഡ് പ്രോപ്പര്‍ട്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഇടപാടിന് സാധുത നല്‍കൂ.