കഴിഞ്ഞ വര്‍ഷം നാല് ലക്ഷം പേര്‍ക്ക് ജോലി നല്‍കി; തൊഴില്‍ ഇല്ലായ്മ പരിഹരിക്കാന്‍ കൂടുതല്‍ പദ്ധതികളുമായി സൗദി

സൗദി അറേബ്യ സ്വദേശിവത്ക്കരണത്തില്‍ റെക്കോര്‍ഡ് നേട്ടങ്ങള്‍ കൈവരിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം. കഴിഞ്ഞ വര്‍ഷം നാല് ലക്ഷം സൗദി പൗരന്മാര്‍ക്ക് തൊഴിലുകള്‍ ലഭ്യമാക്കാന്‍ സാധിച്ചു. ഈ വര്‍ഷം എല്ലാ മേഖലകളിലും നിശ്ചിത ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാകുന്നതോടെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ സാധിച്ചേക്കും മന്ത്രാലയം അറിയിച്ചു.

തൊഴിലില്ലായ്മ നിരക്ക് 12 ശതമാനത്തില്‍ എത്തിയപ്പോള്‍ അതിന് ഒരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ സ്വദേശിവത്കരണം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് 2012ല്‍ പുതുതായി 400,000 സൗദി സ്വദേശികള്‍ തൊഴില്‍ നേടി. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയവരേക്കാള്‍ കൂടുതലാണ് തൊഴില്‍ നേടിയവരുടെ എണ്ണം.

ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഡാറ്റ എന്‍ട്രി, ട്രാന്‍സലേറ്റര്‍ അടക്കം വിവിധ തസ്തികകളില്‍ പൂര്‍ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കും. ഈ തസ്തികകളില്‍ നിലവില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പ്രൊഫഷന്‍ മാറാനാകാത്ത സ്ഥിതിയുണ്ട്. തൊഴില്‍ ഇല്ലായ്മ ഏഴ് ശതമാനത്തിലെത്തും വരെ സ്വദേശിവത്ക്കരണം നടപ്പിലാക്കും. ഇതല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നാണ് സൗദി മാനവിഭവ ശേഷി മന്ത്രാലയം പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഫാര്‍മസി, ദന്തചികിത്സ, അക്കൗണ്ടിങ്, നിയമം, മാര്‍ക്കറ്റിങ് തുടങ്ങിയ സേവന മേഖലകളിലായി 32 ഓളം സ്വദേശിവല്‍ക്കരണമാണ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. ഈ മേഖലകളിലെ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. ഈ വര്‍ഷം 30 മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.