സൗദിയില്‍ ടാക്സി വളയം പിടിക്കാന്‍ 10,000 സ്ത്രീകള്‍

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള നിരോധനം നീങ്ങിയതിനു പിന്നാലെ ടാക്‌സി ഓടിക്കാന്‍ തയ്യാറായി 10,000 സ്ത്രീകള്‍. നിലവില്‍ സൗദിയിലെ ടാക്‌സി ഉപഭോക്താക്കളില്‍ 70 ശതമാനവും സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള അനുവാദം സൗദി മന്ത്രാലയം നല്‍കിയതിനു പിന്നാലെ ടാക്‌സി മേഖലയില്‍ വന്‍ മാറ്റത്തിനാണ് തുടക്കമാകുക.

ഓണ്‍ലൈന്‍ ടാക്സി സേവനം നല്‍കുന്ന ഉബറും കാരീമുമാണ് സൗദിയില്‍ ടാക്സി സേവനം നല്‍കുന്നത്. 2017 സപ്തംബറില്‍ സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാനുള്ള അനുമതി നല്‍കുമെന്ന് ഭരണകൂടം സൂചന നല്‍കിയതിന് പിന്നാലെ ഇരു കമ്പനികളും വനിതാ ഡ്രൈവര്‍മാര്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു. വിലക്ക് മാറിയതിനു പിന്നാലെ സ്ത്രീകള്‍ക്ക് വന്‍ ജോലി സാധ്യതയ്ക്കും സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.

ഇപ്പോഴുള്ള ടാക്സികള്‍ മിക്കതും സ്വകാര്യ വ്യക്തികളുടേതാണ്. 2018 ജൂണ്‍ മാസത്തോടെ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള നിരോധനം നീങ്ങി പുതിയ നിയമം പ്രാബല്യത്തില്‍ വരും.