ഗ്രീൻവിസ, റിമോട്ട് വർക്ക് വിസ; അടുത്ത മാസം മുതൽ നൽകുമെന്ന് യുഎഇ

യുഎഇയിൽ വിദേശികൾക്ക് സ്വന്തം സ്‌പോൺസർഷിപ്പിൽ താമസിച്ച് വെർച്വലായി ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് വിസ അടുത്ത മാസം മുതൽ നൽകും. ഒരു വർഷമാണ് വിസ കാലാവധി. മാസം കുറഞ്ഞത് 5,000 യു.എസ് ഡോളർ ശമ്പളമുള്ളവർക്ക് വിസയ്ക്ക് അപേക്ഷിക്കാം.

വിദേശ കമ്പനികളിൽ വെർച്വലായി ജോലി ചെയ്യുന്നവർക്ക് യു.എ.ഇയിൽ താമസിക്കാൻ കഴിയും. കുടുംബത്തെയും കൊണ്ടുവരാനാകും.  ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റി​റ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി വെബ്‌സൈ​റ്റിലൂടെ അപേക്ഷ സമർപ്പിക്കാം.

ഗോൾഡൻ വിസയുടെ കാര്യത്തിലും രാജ്യം  കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. സ്‌പോൺസറോ  തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യുഎഇയിൽ താമസിക്കാനും അനുമതി നൽകുന്ന ഗ്രീൻവിസയ്ക്കും അപേക്ഷ നൽകാം. സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദ്ഗധതൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും അഞ്ച് വർഷത്തെ ഗ്രീൻവിസ നൽകുക.

ഗ്രീൻവിസ ലഭിക്കാൻ വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് ബിരുദം വേണം. മാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളവും. സ്വയം തൊഴിലിന് വിസയെടുക്കാൻ തൊഴിൽമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നേടണം, ഡിഗ്രിയോ ഡിപ്ലോമയോ വേണം, മുൻവർഷം കുറഞ്ഞത് 3,60,000 ദിർഹം വരുമാനമുണ്ടാക്കിയിരിക്കണം.