കോവിഡ് 19; ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് 16,201 പ്രവാസികള്‍

കോവിഡ് സാഹചര്യത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയത് 16,201 പ്രവാസികള്‍. 93 വിമാനങ്ങളാണ് ഇതിനായി സര്‍വീസ് നടത്തിയത്. 44 എണ്ണം വന്ദേഭാരത് മിഷന്റെ വിമാനങ്ങളും 35 എണ്ണം കമ്പനികളുടേയും 14 എണ്ണം പ്രവാസി സംഘടനകളുടേയും ചാര്‍ട്ടേഡ് വിമാനങ്ങളുമാണ്.

വന്ദേഭാരതിന്റെ 44 വിമാനങ്ങളിലായി ഇതുവരെ 212 കുട്ടികള്‍ ഉള്‍പ്പെടെ 7,853 പേരാണ് ഇന്ത്യയിലെത്തിയത്. നാട്ടിലേക്ക് മടങ്ങിയവരില്‍ 130-140 പേര്‍ ജയില്‍മോചിതരാണ്. വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ട സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ തുടങ്ങും. നാളെ കൊച്ചിയിലേക്കാണ് സര്‍വീസുള്ളത്. 26, 27 തിരുവനന്തപുരം, 29 കണ്ണൂര്‍, 30 കോഴിക്കോട് എന്നിങ്ങനെയാണ് പുതിയ സര്‍വീസുകള്‍.

അതേസമയം, ജൂണ്‍ 30- ന് ശേഷം പുതിയ സര്‍വീസുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ കേരളത്തിലേക്കുള്ള പുതിയ സര്‍വീസുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. നാട്ടിലേക്ക് മടങ്ങാനായി 45,000-ത്തിലധികം പേരാണ് ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്.