ജോലി ഹോബിയാകും, വേണമെങ്കില്‍ ചെയ്യാം; എഐ എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് മസ്‌ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ പ്രചാരം നേടുന്നതോടെ ജോലി ഒരു ഹോബിയായി മാറുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ ജോലികളും ഇല്ലാതാക്കും. ഇനി നമുക്കൊന്നും ജോലിയുണ്ടാകില്ലെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സില്‍ മസ്‌ക് പറഞ്ഞു.

ജോലി ചെയ്യുകയെന്നത് ഓപ്ഷനലായി മാറും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ജോലി ചെയ്യാം. ജോലി ഒരു ഹോബിയായി മാറും. നിങ്ങള്‍ക്ക് വേണ്ടി ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടുകളും ജോലി ചെയ്യുമെന്നും ഇലോണ്‍ മസ്‌ക് കോണ്‍ഫറന്‍സില്‍ പറഞ്ഞു. വിവാടെക് 2024 എന്ന പേരില്‍ പാരീസില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മസ്‌ക്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ മേഖലകളില്‍ സജീവമാകുന്നതോടെ എല്ലാവര്‍ക്കും ഉയര്‍ന്ന വേതനം ലഭിക്കണം. ആളുകള്‍ക്ക് അടിസ്ഥാന വേതനം മാത്രം ലഭിച്ചാല്‍ മതിയാവില്ല. ലോകത്ത് സാധനങ്ങളുടെയും സേവനങ്ങളുടെയും ക്ഷാമമുണ്ടാകില്ലെന്നും മസ്‌ക് പറഞ്ഞു. വിവിധ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നത് ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെയാണ് മസ്‌കിന്റെ പ്രസ്താവന.