മ്യാന്‍മറില്‍ ആറു ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യ ഭീഷണിയിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്

ആറു ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. അതീവഗുരുതരമായ അതിക്രമങ്ങളില്‍ മ്യാന്‍മര്‍ സൈന്യത്തെ അന്താരാഷ്ട്ര നീതിന്യായ കോടതി വിചാരണ ചെയ്യണമെന്നും യു.എന്‍ വസ്തുതാന്വേഷണ സമിതി പറഞ്ഞു.

വടക്കന്‍ മ്യാന്‍മറില്‍ വ്യാപകമായി സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ആസൂത്രിതമായി കൊലപാതകം, ബലാത്സംഗം, കൂട്ട ബലാത്സംഗം, പീഡനം, നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും നാടുകടത്തല്‍ എന്നിവ ഉപയോഗിച്ചു. ആറുലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യ ഭീഷണിയിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. റോഹിങ്ക്യരോടുള്ള സര്‍ക്കാരിന്റെ ശത്രുതാപരമായ നയങ്ങളാണ് ഇതിനു കാരണം. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള വംശഹത്യയാണ് ഇതെന്ന അനുമാനത്തിലെത്താന്‍ ന്യായമായ കാരണങ്ങളുണ്ടെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്.

Read more

2017-ല്‍ സൈന്യം ആരംഭിച്ച ശുദ്ധീകരണ പ്രക്രിയയെ തുടര്‍ന്ന് ഏഴര ലക്ഷം റോഹിങ്ക്യര്‍ അവരുടെ ജീവനും കൊണ്ട് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. ആയിരക്കണക്കിനു പേര്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരകളായി. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരോട് ഉത്തരവാദിത്വ നിര്‍വഹണത്തിനു സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നതിനാല്‍ മ്യാന്‍മറിനെ അന്താരാഷ്ട്ര കോടതിയിലേക്ക് റഫര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. വംശഹത്യ തടയാനും ഇതേക്കുറിച്ച്‌ അന്വേഷിക്കാനും വംശഹത്യാ കുറ്റവാളികളെ ശിക്ഷിക്കാനും ഫലപ്രദമായ നിയമനിര്‍മ്മാണം നടത്തുന്നതിലും മ്യാന്‍മര്‍ പരാജയപ്പെട്ടതായി വസ്തുതാന്വേഷണ സമിതി ചെയര്‍മാന്‍ മാര്‍സുകി ദാറുസ്മാന്‍ ആരോപിച്ചു. യുഎന്നിന്റെ വംശഹത്യ കണ്‍വെന്‍ഷന്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അംഗമെന്ന നിലയില്‍ മ്യാന്‍മര്‍ പരാജയപ്പെട്ടു. തെക്കന്‍ അതിര്‍ത്തിക്കടുത്തുള്ള ക്യാമ്പുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് റോഹിങ്ക്യകളെ തിരിച്ചയക്കാന്‍ ബംഗ്ലാദേശ് മ്യാന്‍മറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് റിപ്പോര്‍ട്ട്.