ട്വിറ്ററിന്റെ പുതിയ സി.ഇ.ഒയായി ഇന്ത്യന്‍ വംശജന്‍ പരാഗ് അഗർവാൾ

ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യന്‍ വംശജനായ പരാഗ് അഗർവാൾ. കമ്പനിയുടെ സിഇഒയും സഹസ്ഥാപകനും കൂടിയായ ജാക്ക് ഡോഴ്സി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പരാഗ് ചുമതല ഏറ്റത്.

ബോംബെ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് പരാഗ്. ഇവിടെ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയതിന് ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. മൈക്രോസോഫ്റ്റിലും യാഹുവിലും റിസേര്‍ച്ച് ഇന്റേണ്‍ഷിപ്പ് ചെയ്തു. 2011 ഒക്ടോബറില്‍ പരാഗ് ആഡ്‌സ് എഞ്ചിനീയറായി ട്വിറ്ററിന്റെ ഭാഗമായി. 2017ല്‍ ചീഫ് ടെക്‌നോളജി ഓഫീസറായി.

ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായാണ് പരാഗ് അഗർവാളിനെ സിഇഒ ആയി തിരഞ്ഞെടുത്തത് എന്ന് ട്വിറ്റർ അറിയിച്ചു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് കാരണമായ എല്ലാ നിര്‍ണായക തീരുമാനങ്ങള്‍ക്കും പിന്നില്‍ പരാഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ പുതിയ സിഇഒ എന്ന നിലയില്‍ അദ്ദേഹത്തിന്മേലുള്ള തന്റെ വിശ്വാസം ആഴത്തിലുള്ളതാണ് എന്നും ട്വീറ്റില്‍ പറയുന്നു.

16 കൊല്ലത്തെ സേവനത്തിന് ശേഷം സ്ഥാനം ഒഴിയുന്നതായി ട്വിറ്ററിലൂടെ ജാക്ക് ഡോഴ്സി അറിയിക്കുകയായിരുന്നു. ട്വിറ്ററില്‍ വേണ്ടവിധം ശ്രദ്ധിക്കുന്നില്ലെന്നും ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ സ്‌ക്വയറിന്റെ ചുമതല കൂടി വഹിക്കുകയാണ് എന്നും ആരോപിച്ച് ജാക്ക് ഡോഴ്സിയോട് സ്ഥാനമൊഴിയാന്‍ ട്വിറ്ററിന്റെ ഓഹരിയുടമയായ എലിയറ്റ് ആവശ്യപ്പെട്ടിരുന്നു.

Read more

ജാക്കിനും ടീമിനും നന്ദി അറിയിച്ചുകൊണ്ട് പരാഗ് അഗർവാളും ട്വീറ്റ് ചെയ്തു. താന്‍ ട്വിറ്ററിന്റെ ഭാഗമാകുമ്പോള്‍ ആയിരത്തില്‍ താഴെ ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകം നമ്മളെ ഉറ്റുനോക്കുന്ന കാലമാണിത്. ട്വിറ്ററിന്റെ അനന്ത സാധ്യതകള്‍ നമുക്ക് ലോകത്തിന് കാണിച്ചുകൊടുക്കാം എന്നും പരാഗ് അഗർവാൾ ജീവനക്കാരോട് പറഞ്ഞു. ഇതോടെ സുന്ദര്‍ പിച്ചൈ, സത്യ നദെല്ല തുടങ്ങിയ ഇന്ത്യന്‍ വംശജരായ സിലിക്കണ്‍ വാലി സിഇഒമാരുടെ നിരയിലേക്ക് പരാഗ് അഗർവാൾ കൂടെ എത്തുകയാണ്.