ഇന്ത്യയില്‍നിന്നുള്ള അവശ്യമരുന്നുകള്‍ ഇറക്കുമതി ചെയ്യാം; സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും, പിടിവാശികള്‍ ഉപേക്ഷിച്ച് പാക്കിസ്ഥാന്‍

സാമ്പത്തികപ്രതിസന്ധി വരിഞ്ഞ് മുറുക്കിയതോടെ പിടിവാശികള്‍ ഉപേക്ഷിച്ച് പാക്കിസ്ഥാന്‍. ഇന്ത്യയില്‍നിന്നുള്ള അവശ്യമരുന്നുകളുടെ ഇറക്കുമതിക്ക് പാക്കിസ്ഥാന്‍ അനുമതി നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ആരോഗ്യവിഭാഗം യോഗത്തിന്റേതാണ് തീരുമാനം.

ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ബുദചികിത്സയ്ക്കുള്ള മരുന്നുകളും മറ്റുകുത്തിവെപ്പുകളുമടക്കം ആശുപത്രികള്‍ക്കും പൗരര്‍ക്കും ഇന്ത്യയുള്‍പ്പെടെ ഏതുരാജ്യത്തുനിന്നും എത്തിക്കാം. പരിഷ്‌കരിച്ച ഇറക്കുമതിനയ ഉത്തരവ്-2022 പാകിസ്താനിലെ ഔഷധനിയന്ത്രണ അതോറിറ്റി ഇന്നലെ അംഗീകരിച്ചു.

Read more

പണപ്പെരുപ്പം വരിഞ്ഞ് മുറുക്കിയതോടെ പാകിസ്താനില്‍ അവശ്യമരുന്നുകള്‍ കിട്ടാനില്ല. രാജ്യത്ത് വേണ്ടത്ര മരുന്നുകളും ഉപകരണങ്ങളുമില്ലാതെ വന്നതോടെ ശസ്തക്രിയകളടക്കം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയതീരുമാനം. ക്ഷാമം നേരിടുന്ന മരുന്നുകളുടെ പട്ടിക വിവിധ പ്രവിശ്യകളില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം അതോറിറ്റിക്ക് കൈമാറിയിരുന്നു. ഇതിനായി ഡിആര്‍എപി സര്‍വേയും നേരത്തെ നടത്തിയിരുന്നു.