മാര്‍ ജോര്‍ജ് കൂവക്കാട് കത്തോലിക്ക സഭ രാജകുമാരന്മാരുടെ ഗണത്തില്‍; സഭയ്ക്കായി രക്ഷസാക്ഷിത്വം വഹിക്കാന്‍ തയാറായി ചുവപ്പ് കുപ്പായം അണിഞ്ഞു; ധന്യനിമിഷത്തില്‍ രാജ്യം

സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ കത്തോലിക്ക സഭയുടെ കര്‍ദിനാളായി മാര്‍ ജോര്‍ജ് കൂവക്കാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ അവരോധിച്ചു. മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെ മാര്‍ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഇന്ത്യന്‍ സമയം രാത്രി 9.23-ന് ഇരുപതാമത്തെ ആളായാണ് മാര്‍ ജോര്‍ജ് കൂവക്കാടിനെ വിളിച്ചത്. ചുവന്ന വസ്ത്രത്തിന് പുറത്ത് കറുത്തവസ്ത്രം ധരിച്ചാണ് മാര്‍ ജോര്‍ജ് കൂവക്കാട് സ്ഥാനാരോഹണത്തിനെത്തിയത്.

ദൈവത്തിന് എളിമയോടെ ഹൃദയം സമര്‍പ്പിക്കണമെന്നും മറ്റുള്ളവരെക്കുറിച്ച് കരുതല്‍ വേണമെന്നും പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനുള്ള വഴിയാണ് നമ്മുടെ മുന്നിലുള്ളതെന്നും നിയുക്ത കര്‍ദിനാള്‍മാരോട് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

കര്‍ദിനാള്‍ എന്ന വാക്കിന് സഭയുടെ വിജാഗിരിയെന്നും അര്‍ഥമുണ്ട്. സഭയ്ക്കായി രക്ഷസാക്ഷിത്വം വഹിക്കാനും തയാറാണെന്നതിന്റെ സൂചനയായിട്ടാണ് ചുവപ്പ് കുപ്പായം ധരിക്കുന്നത്. കേരളത്തില്‍നിന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പെടെയുള്ളവര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.

സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രത്യേക പ്രതിനിധിസംഘത്തെ കേന്ദ്ര സര്‍ക്കാര്‍ വത്തിക്കാനിലേക്ക് അയച്ചിരുന്നു. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ചടങ്ങില്‍ പങ്കെടുത്തത്.

Read more

കൊടിക്കുന്നില്‍ സുരേഷ് എംപി, രാജ്യസഭാംഗമായ ഡോ. സത്‌നാം സിംഗ് സന്ധു, ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി, യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണി, ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍ എന്നിവരാണ് പ്രതിനിധിസംഘത്തിലുള്ള മറ്റുള്ളവര്‍. തിരുക്കര്‍മങ്ങളില്‍ മാര്‍ കൂവക്കാട്ടിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചങ്ങനാശേരി അതിരൂപതയില്‍നിന്നുള്ള വൈദികരും വിശ്വാസികളും ഉള്‍പ്പെടുന്ന പ്രതിനിധിസംഘവും പങ്കെടുത്തു.