ഗാസയ്ക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസയ്ക്ക് നേരെ വീണ്ടും ആക്രമണം നടത്തി ഇസ്രായേൽ. ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. റഫയ്ക്ക് വടക്കുള്ള അഭയാർഥി ക്യാമ്പുകൾക്ക് നേരെയാണ് ഇസ്രായേൽ ആക്രമണം അഴിച്ച് വിട്ടത്. തീരപ്രദേശത്ത് രണ്ട് സ്ഥലങ്ങളിൽ ഷെല്ലാക്രമണം നടന്നതായും റിപ്പോർട്ടുകൾ പറയുന്നു.

തെക്കൻ ഗാസ മുനമ്പിലെ റാഫ നഗരത്തിനടുത്തുള്ള മുവാസിയിലെ ടെൻ്റ് ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. 25 പേർക്ക് ജീവൻ നഷ്ടമായി 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ അറിയിച്ചു. ഇസ്രായേൽ നിയുക്ത സുരക്ഷിത മേഖലയ്ക്ക് പുറത്തുള്ള പ്രദേശത്താണ് ഇസ്രായേൽ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇസ്രായേൽ റഫ ആക്രമണം ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് ആളുകൾ ഇവിടെ നിന്നും പലായനം ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ഇസ്രായേൽ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സംഭവം പരിശോധിക്കുന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 101 പലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കിൽ പറയുന്നു.169 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും കൊണ്ട് ക്യാമ്പുകൾ നിറഞ്ഞിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.