യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായഭിന്നതകള്‍ക്ക് പിന്നാലെ ഇലോണ്‍ മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മസ്‌ക് എക്‌സില്‍ കുറിച്ച ഒരു പോസ്റ്റ് ആണ് റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം. 80 ശതമാനം വരുന്ന ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ സമയമായില്ലേ എന്ന ചോദ്യത്തിനൊപ്പം ഒരു അഭിപ്രായ സര്‍വേയും ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.
റിപ്പബ്ലിക്കന്‍സും ഡെമോക്രറ്റുകളും അല്ലാത്ത ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ സമയമായില്ലേ എന്നതാണ് മസ്‌കിന്റെ ചോദ്യം. അമേരിക്കന്‍ പ്രസിഡന്റുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍ മസ്‌ക് ട്രംപിനെതിരെ ഉന്നയിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് അദ്ദേഹത്തിന് പകരം വരണമെന്നുമാണ് ഏക്‌സ് പോസ്റ്റിലൂടെ മസ്‌ക് ആവശ്യപ്പെട്ടത്.
Read more
ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളില്‍ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ഗൗരവമായ ആരോപണവും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മസ്‌ക് വെളിപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവരാത്തത് അതിനാലാണെന്നും മസ്‌ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സത്യം ഒരുനാള്‍ പുറത്തുവരുമെന്നും എക്‌സ് പോസ്റ്റില്‍ മസ്‌ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം പിന്‍വലിക്കുമെന്നും മസ്‌ക് ഭീഷണി മുഴക്കിയിട്ടുണ്ട്.