ഇന്ത്യയുടെ തേയിലയും ബസുമതി അരിയും വേണ്ട; കരാറുകളില്‍ നിന്ന് ഇറാന്റെ അപ്രതീക്ഷിത പിന്മാറം; വന്‍ തിരിച്ചടി

ന്ത്യയില്‍ നിന്നും വാങ്ങുന്ന തേയിലയുടെയും ബസുമതി അരിയുടെയും കരാറുകളില്‍ നിന്ന് അപ്രതീക്ഷിതമായി പിന്‍മാറി ഇറാന്‍. കരാറുകളില്‍ നിന്നുള്ള പൂര്‍ണപിന്‍മാറ്റം എന്തുകാരണം കൊണ്ടാണെന്ന് ഇറാന്‍ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. ഇറാന്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്ന് ഏകദേശം 30-35 ദശലക്ഷം കിലോ തേയിലയും ഏകദേശം 1.5 ദശലക്ഷം കിലോ ബസുമതി അരിയും ഇറക്കുമതി ചെയ്യുന്നുണ്ട്.

കരാറില്‍ നിന്ന് പിന്‍മാറിയതോടെ തേയില കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് ശേഷം ആഗോളതലത്തില്‍ ഉയര്‍ന്ന ഡിമാന്‍ഡും ചരക്കുകളുടെ വിലക്കയറ്റവും മൂലം ബസ്മതി അരിയുടെ കയറ്റുമതി വര്‍ധിച്ചിരുന്നു. അതിനാല്‍ ബസ്മതി അരി വിപണിയില്‍ ഇതിന്റെ ആഘാതം കുറവായിരിക്കും. എന്നാല്‍, ഇന്ത്യന്‍ തേയിലയുടെ വന്‍ ഉപഭോക്താവാണ് ഇറാന്‍. അവര്‍ പിന്‍മാറുന്നത് ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയാണ്.

അതേസമയം കര്‍ഷകരെ സംരക്ഷിക്കുന്നതിനായി ഇറാന്‍ തങ്ങളുടെ ആഭ്യന്തര വിളവെടുപ്പ് സീസണായ ജൂലൈ മുതല്‍ നവംബര്‍ പകുതി വരെ അരി ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്താറുണ്ട്. ഇതിന്റെ ഭാഗമായാണ് പെട്ടന്നുള്ള പിന്‍മാറ്റമെന്നും ബിസനസ് ഏജന്‍സികള്‍ പറയുന്നു.

ഇന്ത്യയും ടെഹ്‌റാനും രൂപയുടെ വ്യാപാര സെറ്റില്‍മെന്റ് കരാര്‍ തയ്യാറാക്കുന്ന പ്രക്രിയയിലായതിനാല്‍ ഇറാനിയന്‍ ഇറക്കുമതിക്കാര്‍ ഇവ വാങ്ങുന്നത് വൈകിപ്പിക്കുന്നതാണെന്ന് ഒരു വിഭാഗം വ്യാപാരികള്‍ പറയുന്നുണ്ട്. എന്തുകൊണ്ടാണ് പെട്ടെന്ന് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും, ഇറാനില്‍ നിന്നും ഔദ്യോഗികമായി കാരണം അറിയിച്ചിട്ടില്ലെന്നും ഇറാനിലേക്കുള്ള പ്രമുഖ തേയില കയറ്റുമതിക്കാരായ ബന്‍സാലി ആന്‍ഡ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണര്‍ അനീഷ് ബന്‍സാലി മാധ്യമങ്ങളോട് പറഞ്ഞു. ബസുമതി അരിയുടെ കരാര്‍ റദ്ദാക്കിയതിന് പിന്നിലുള്ള കാരണം ഇറാന്‍ വ്യക്തമാക്കാതെയാണ് പിന്‍മാറ്റമെന്ന് ഓള്‍ ഇന്ത്യ റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനോദ് കൗളും മാധ്യമങ്ങളെ അറിയിച്ചു.