15 സെക്കന്റ് വീഡിയോയ്ക്ക് വേണ്ടി കാട് കത്തിച്ച് ടിക് ടോക്ക് താരം; കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയായിൽ വൈറലാകാൻ കാടിന് തീയിട്ട് വീഡിയോ എടുത്ത് ടിക്ക് ടോക്ക് താരം. വെറും15 സെക്കന്റ് മാത്രമുള്ള വീഡിയോയ്ക്ക് വേണ്ടിയായിരുന്നു ഇവരിങ്ങനെ ചെയ്യ്തതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു. പതിനൊന്ന് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പ്രമുഖ ടിക് ടോക് താരം ഹുമൈറ അസ്ഗറാണ് അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരിൽ വിവാദത്തിലായത്.

‘ഞാൻ എവിടെ പോയാലും അവിടെ തീയുണ്ടാകുമെന്ന’ അടിക്കുറിപ്പോടെ പങ്കിട്ട വീഡിയോ ഹുമൈറ പ്രതീക്ഷിച്ചത് പോലെ തന്നെ വൈറലായി. സിൽവർ നിറത്തിലുള്ള ഗൗൺ ധരിച്ച് കാട്ടുതീയുടെ മുന്നിലൂടെ ഫാഷനബിളായി നടന്നുനീങ്ങുന്ന ഹുമൈറയെയാണ് വീഡിയോയിൽ കാണിക്കുന്നത്. എന്നാൽ പതിനഞ്ച് സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് വേണ്ടി ഒരു കാട് തന്നെ നശിപ്പിക്കാൻ ശ്രമിച്ച താരത്തിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾ രംഗത്തെത്തിയതോടെ കാര്യം വിവാദമായി മാറുകയായിരുന്നു.

പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഗണിക്കാതെ വൈറലാകാൻ ശ്രമിക്കുന്ന ഇത്തരത്തിലുള്ള ടിക് ടോക്കർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് സോഷ്യൽമീഡിയയിൽ ഉയർന്ന ആവശ്യം. സംഭവം വിവാദമായതോടെ ഹുമൈറ ടിക് ടോക്കിൽ നിന്ന് വിഡിയോ ഡിലീറ്റ് ചെയ്യുകയും വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.

താൻ മനഃപൂർവ്വം കാടിന് തീയിട്ടിട്ടില്ലെന്നും കാട്ടുതീക്ക് മുന്നിൽ പോസ് ചെയ്യുകയായിരുന്നെന്നും ഹുമൈറ വിശദീകരിച്ചു. എന്നാൽ കാട്ടു തീ ശ്രദ്ധയിൽപ്പെടുന്ന സമയത്ത് വീഡിയോയെടുക്കാതെ തീ അണക്കാനാണ് ശ്രമിക്കേണ്ടത് വീഡിയോ പക‍ർത്തുന്നതിന് പകരം തീയണയ്ക്കാൻ ഒരു ബക്കറ്റ് വെള്ളം എടുക്കാമായിരുന്നുവെന്നും ഇസ്ലാമാബാദ് വൈൽഡ് ലൈഫ് മാനേജ്‌മെന്റ് ബോർഡ് ചെയർപേഴ്‌സൺ റിന സയീദ് ഖാൻ അഭിപ്രായപ്പെട്ടു.