ബലാത്സം​ഗം ചെയ്യുന്നവർക്ക് ശിക്ഷ ‘ലിംഗഛേദം’; കർശന നിയമവുമായി നൈജീരിയൻ സ്റ്റേറ്റ്

Advertisement

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ലൈം​ഗിക അതിക്രമ കേസുകൾ തടയുന്നതിനായി കർശന നിയമവുമായി നൈജീരിയയിലെ കടുന സ്റ്റേറ്റ്. റേപ്പിസ്റ്റുകളുടെ ലിംഗവും വൃഷണവും അടക്കം ഛേദിച്ചു കളയുന്നതാണ് സംസ്ഥാനത്തെ പുതിയ നിയമം.

പതിനാലു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനും ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 14 വയസിന് താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ടാൽ സ്ത്രീകളുടെ ഫാലോപ്യൻ ട്യൂബുകൾ നീക്കംചെയ്യും.

കുഞ്ഞുങ്ങളെ ഈ നീചന്മാരിൽ നിന്ന് രക്ഷിക്കാൻ ഇത്തരത്തിലുള്ള കടുത്ത നിയമങ്ങൾ നിർമ്മിക്കാതെ തരമില്ലെന്ന് ​ഗവർണർ നാസിർ അഹമ്മദ് എൽ-രുഫായി മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ കൂടുതൽ സംരക്ഷിക്കാൻ കടുത്ത ശിക്ഷകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

കൊറോണ വൈറസ് ബാധയെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സമയത്ത് നൈജീരിയയിൽ ബലാത്സംഗക്കേസുകളുടെ എണ്ണം ക്രമാതാതമായി വർദ്ധിച്ചിരുന്നു. 2020 ജനുവരി മുതൽ മെയ് വരെയുള്ള അഞ്ചു മാസത്തിനിടെ 800 ഓളം ബലാത്സം​ഗ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ‍ ഈ സാഹചര്യത്തിലാണ് കടുത്ത ശിക്ഷ തന്നെ നൽകാൻ നിയമം പാസാക്കിയത്.

ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് മരണശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് വനിതാ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ ബലാത്സംഗത്തിനെതിരായ ഏറ്റവും കർശനമായ നിയമമാണ് കടുന സംസ്ഥാനത്തിന്റെ പുതിയ നിയമം.

നേരത്തെ പ്രായപൂർത്തിയായ ഒരാളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾക്ക് പരമാവധി 21 വർഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് 12 വർഷം തടവുമായിരുന്നു നൽകിയിരുന്നത്.