ഓങ് സാൻ സൂചിക്ക് നാലു വർഷം കൂടി തടവുശിക്ഷ വിധിച്ച് മ്യാൻമർ പട്ടാള ഭരണകൂടം

മ്യാന്‍മറിലെ ജനകീയ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂചിക്ക് വീണ്ടും നാലു വര്‍ഷം തടവു ശിക്ഷ. ലൈസന്‍സില്ലാതെ വാക്കിടോക്കി കൈവശം വെച്ചു, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള കോടതി ശിക്ഷ വിധിച്ചത്.

സൂചിക്കെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്നു ക്രിമിനല്‍ കേസുകളിലാണ് ശിക്ഷ വിധിച്ചത്. സൈനിക ഭരണകൂടത്തിനെതിരെ ജനവികാരം ഇളക്കിവിട്ടു എന്നാരോപിച്ച് കഴിഞ്ഞ മാസം സൂചിയെ നാലു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും തടവുശിക്ഷ വിധിച്ചത്.

2021 ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് സൂചിക്ക് ഭരണം നഷ്ടമായത്. തുടര്‍ന്ന് അവരെയും പ്രസിഡന്റ് വിന്‍ മിന്‍ടൂവിനേയും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരെയും തടവിലാക്കുകയും ചെയ്തു.

83% വോട്ടുകള്‍ നേടി സൂചിയുടെ കക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍ വിജയം നേടിയ പൊതുതിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ചാണ് പട്ടാളം ഭരണം പിടിച്ചത്. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി, ഡവലപ്‌മെന്റ് പാര്‍ട്ടി എന്നിവയ്ക്ക് 476 സീറ്റില്‍ ആകെ 33 സീറ്റു മാത്രമാണ് ലഭിച്ചിരുന്നത്.