ഭീകരരെ വേട്ടയാടുന്നു; അമേരിക്കയും ബ്രിട്ടനും കാനഡയും 'റോ' ഉദ്യോഗസ്ഥരെ പുറത്താക്കി; അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി

അമേരിക്കയും കാനഡയും ബ്രിട്ടനും ഇന്ത്യയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ ഖലിസ്താന്‍ നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പാശ്ചാത്യരാജ്യങ്ങളില്‍നിന്ന്
ഇത്തരമൊരു നീക്കം നടന്നിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സാന്‍ഫ്രാന്‍സിസ്‌കോയിലെയും ലണ്ടനിലെയും ‘റോ’ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയതെന്നും വാഷിങ്ടണ്‍ ഡി.സി.യിലെ റോ മേധാവിയെ മാറ്റാന്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാനഡയില്‍, ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണസംഘത്തിനു പങ്കുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനു പിന്നാലെ റോ ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു. ഇതിനുപകരമെന്നനിലയില്‍ കാനഡയുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കിയിരുന്നു.

കഴിഞ്ഞ ദിവസം സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ.) നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ഇന്ത്യ ശ്രമിച്ചുവെന്നുള്ള അമേരിക്കയുടെ ആരോപണം അന്വേഷിക്കാന്‍ ഉന്നതല സമിതിയെ നിയോഗിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.. കഴിഞ്ഞ ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ടത്. കാനഡയുടെ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതായിരുന്നു അമേരിക്കയുടെ കണ്ടെത്തലുകളില്‍ ഉള്ളത്.

സുരക്ഷയെക്കുറിച്ചുള്ള അമേരിക്കയുടെ ഇന്‍പുട്ടുകള്‍ ഗൗരവമായി എടുക്കുന്നുവെന്നും ഈ സന്ദര്‍ഭത്തിലെ പ്രശ്നങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യ-യുഎസ് സുരക്ഷാ സഹകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, സംഘടിത കുറ്റവാളികള്‍, തീവ്രവാദികള്‍ തുടങ്ങിയവര്‍ തമ്മിലുള്ള അവിശുദ്ധ കൂട്ട്കെട്ടു സംബന്ധിച്ച ചില വിവരങ്ങള്‍ യുഎസ് പങ്കിട്ടു. ആ വിവരങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്. ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഇരുഭാഗങ്ങളും തീരുമാനിച്ചുവെന്ന് ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി, വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഗുര്‍പത്വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ഇന്ത്യ ഒരാളെ നിയോഗിച്ചിരുന്നതായും ഇന്ത്യയുടെ രഹസ്യ ഏജന്‍സിയുടെ ഈനീക്കം യുഎസ് അധികൃതര്‍ പരാജയപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. . സംഭവത്തില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്കു യു.എസ്. മുന്നറിയിപ്പ് നല്‍കിയെന്നും അല്‍ജസീറ നല്‍കിയ വാര്‍ത്തയില്‍ പറയിരുന്നു.

യുഎസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ വിഘടനവാദി നേതാവാണ് ഗുര്‍പത്വന്ത് സിങ് പന്നു. എന്നാല്‍, വാര്‍ത്തകളും റിപ്പോര്‍ട്ടും പുറത്തുവന്നിട്ടും വിഷയത്തില്‍ ഇന്നലെയാണ് വിദേശമന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.
വിഘടനവാദി നേതാവായ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നു കാനഡ ആരോപിച്ചു രണ്ടു മാസത്തിനു ശേഷമായിരുന്നു സംഭവം. കഴിഞ്ഞ ജൂണില്‍ വാന്‍കൂവറില്‍വച്ചാണു നിജ്ജാര്‍ കൊല്ലപ്പെട്ടത്.

പുറമേ വധശ്രമത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഒരാള്‍ക്കെതിരേ അന്വേഷകര്‍ ന്യൂയോര്‍ക്ക് ജില്ല കോടതിയില്‍ മുദ്രവച്ച കവറില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്. കുറ്റപത്രത്തിലെ ആരോപണം പരസ്യപ്പെടുത്തണോ അതോ നിജ്ജാര്‍ വധക്കേസിലെ കാനഡയുടെ അന്വേഷണം പൂര്‍ത്തിയാകുംവരെ കാത്തിരിക്കണോ എന്ന് യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ആലോചിക്കുന്നുണ്ട്. കുറ്റം ചുമത്തപ്പെട്ടയാള്‍ അമേരിക്കയില്‍ നിന്നും രക്ഷപെട്ടിട്ടുണ്ട്.

സിഖുകള്‍ക്ക് മാത്രമായി ഖലിസ്ഥാന്‍ എന്ന രാഷ്ട്രം രൂപീകരിക്കണമെന്ന് ഗുര്‍പത്വന്ത് സിംഗ് പന്നു ആവശ്യപ്പെട്ടിരുന്നു. 2020ല്‍ ഗുര്‍പത്വന്ത് സിങ് പന്നുവിനെ തീവ്രവാദിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. യുഎപിഎ നിയമത്തിലെ സെക്ഷന്‍ 51 എ പ്രകാരം പന്നുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.

വിഘടനവാദ ഗ്രൂപ്പില്‍ അംഗമാകാന്‍ സിഖ് യുവാക്കളെ പ്രേരിപ്പിച്ചു. ഇന്ത്യയ്ക്കെതിരെ പ്രചാരണം നടത്തി എന്നീ കുറ്റങ്ങളും ഗുര്‍പത്വന്ത് സിങ് പന്നുവിനെതിരെയുണ്ട്. സിഖ് മതത്തെ അടിസ്ഥാനമാക്കി പഞ്ചാബിനെ ഒരു സ്വതന്ത്ര രാജ്യമാക്കി മാറ്റണമോ എന്നതില്‍ വോട്ടെടുപ്പ് നടത്തിയ ഖാലിസ്ഥാന്‍ റഫറണ്ടത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാള്‍ കൂടിയാണ് ഗുര്‍പത്വന്ത് സിങ് പന്നു.