തുടരുമോ അതോ തീരുമോ? തുടരുമിനെ പിന്നിലാക്കി റെയ്ഡ് 2; റെട്രോയും ഹിറ്റ് 3യും തമ്മിൽ പോരാട്ടം

മെയ് മാസം ആരംഭത്തിൽ തന്നെ 5 ഓളം സിനിമകളാണ് ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നും തെലുഗിൽ നിന്നും വന്നത്. അജയ് ദേവ്​ഗൺ നായകനായി എത്തിയ റെയ്ഡ് 2, സഞ്ജയ് ദത്ത് നായകനായി എത്തിയ ദി ഭൂത്നി, സൂര്യയുടെ ‘റെട്രോ’, ശശികുമാറിന്റെ ‘ടൂറിസ്റ്റ് ഫാമിലി’, നാനി നായകനായ ‘ഹിറ്റ് 3’ എന്നിവയാണ് മെയ് 1 ന് റിലീസായത്. പുതിയ സിനിമകൾക്കും അതിന് മുൻപേ തീയേറ്ററുകളിൽ എത്തി പ്രദർശനം തുടരുന്ന സിനിമകൾക്കും മികച്ച ബുക്കിങ്ങാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച തിയേറ്ററിലെത്തിയ തരുൺ മൂർത്തി ചിത്രം ‘തുടരും’ മികച്ച പ്രതികരണത്തോടെ ഇപ്പോഴും പ്രദർശനം തുടരുകയാണ്. എന്നാൽ ചിത്രത്തിന്റെ ടിക്കറ്റ് വില്പനയുടെ കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയുടെ കണക്കാണ് പുറത്തുവന്നത്. ബുക്ക് മൈ ഷോയുടെ കണക്കുകൾ പ്രകാരം അജയ് ദേവ്ഗണിന്റെ റെയ്ഡ് 2 സിനിമ തുടരുമിനെ ടിക്കറ്റ് ബുക്കിങ്ങിൽ മറികടന്നു കഴിഞ്ഞു.

മെയ് ഒന്നിന് റിലീസായ അജയ് ദേവ്ഗൺ ചിത്രമായ ‘റെയ്ഡ് 2’ തുടരുമിനെ മറികടന്നു എന്ന റിപ്പോർട്ട് ആണ് പുറത്തു വന്നത്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം തുടരും ആയിരുന്നു ഒന്നാമത്. എന്നാൽ ശനിയാഴ്ച മാത്രം 3,050,00 ടിക്കറ്റുകൾ വിറ്റ് റെയ്ഡ് 2 ഒന്നാമത് എത്തിയിരിക്കുകയാണ്. 215000 ടിക്കറ്റുകളാണ് തുടരും വിറ്റഴിഞ്ഞത്. എന്നാൽ മെയ് ഒന്നിന് പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങളായ നാനിയുടെ ഹിറ്റ് 3, സൂര്യയുടെ റെട്രോ എന്നീ സിനിമകളെ കടത്തിവെട്ടിയാണ് പത്ത് ദിവസം പൂർത്തിയാക്കിയ തുടരും ഇപ്പോഴും രണ്ടാമത് തുടരുന്നത്. ഹിറ്റ് 3 196K ടിക്കറ്റുകളും സൂര്യയുടെ റെട്രോ 107K ടിക്കറ്റുമാണ് വിറ്റത്. എന്നാൽ ഇതൊന്നും തുടരുമിനെ പിന്നിലാക്കുന്നില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. റിലീസായി രണ്ടാം ഞായറാഴ്ചയും ആഭ്യന്തര കളക്ഷനിൽ ചിത്രം വൻ കുതിപ്പ് ആണ് നടത്തിയിരിക്കുന്നത്. ഏപ്രിൽ 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ഷോകൾക്കിപ്പുറം മൗത്ത് പബ്ലിസിറ്റി നേടിയതോടെ ബോക്സ് ഓഫീസിൽ കുതിക്കുകയായിരുന്നു. ഓൺലൈൻ ട്രാക്കർമാരായ സാക്നിൽ.കോം നൽകുന്ന ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് തുടരും ആഗോള ബോക്സ് ഓഫീസിൽ നിന്ന് 150 കോടി കടന്നിട്ടുണ്ട്.

അതേസമയം, അജയ് ദേവ്ഗണിന്റെ 2018 ലെ ബ്ലോക്ക്ബസ്റ്റർ ആയിരുന്ന റെയ്ഡിന്റെ തുടർച്ചയായ റെയ്ഡ് 2, ബോക്സ് ഓഫീസിൽ നാല് ദിവസം കൊണ്ട് 71.58 കോടി കടന്നതായാണ് റിപോർട്ടുകൾ.. രാജ് കുമാർ ഗുപ്ത സംവിധാനം ചെയ്ത സിനിമയിൽ വാണി കപൂർ, റിതേഷ് ദേശ്മുഖ്, സൗരഭ് ശുക്ല എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. തെലുങ്ക് താരം നാനി നായകനായി എത്തിയ ‘ഹിറ്റ് 3’ ആഗോള ബോക്സ് ഓഫീസിൽ 51 കോടിയിലധികം നേടിയതായാണ് റിപോർട്ടുകൾ. ഞായറാഴ്‍ച മാത്രം 9.50 കോടി നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത സിനിമയിൽ ശ്രീനിധി ഷെട്ടിയാണ് നായികയായി എത്തിയത്. തെലുഗിൽ വൻ വിജയം നേടിയ ‘ഹിറ്റ്’, ‘ഹിറ്റ് 2’ എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് ഹിറ്റ് 3.

സൂര്യയും സംവിധായകൻ കാർത്തിക് സുബ്ബരാജും ഒന്നിച്ച സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന റെട്രോയിൽ സൂര്യയുടെ ഒരു ഗംഭീര തിരിച്ചു വരവ് ആണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും കേരളത്തിൽ തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഇന്ത്യയിൽ 43.48 കോടി നേടിയതായാണ് റിപോർട്ടുകൾ. പൂജ ഹെ​ഗ്ഡെയാണ് ചിത്രത്തിൽ നായിക ആയത്. ജോജു ജോർജ്, ജയറാം എന്നിവർക്ക് പുറമെ സുജിത് ശങ്കർ, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. അതേസമയം, ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത കോമഡി എൻ്റർടൈയ്നർ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’ യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കളക്ഷനിലും സിനിമയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചതയാണ് റിപോർട്ടുകൾ. 9.70 കോടിയാണ് സിനിമ ഇതുവരെ നേടിയത്. തമിഴ്നാട്ടിൽ ചിത്രം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് എന്നും റിപ്പോർട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയതിൽ മികച്ച സിനിമയാണ് ‘ടൂറിസ്റ്റ് ഫാമിലി’ എന്നാണ് സിനിമ കണ്ടവരിൽ പലരുടെയും അഭിപ്രായം.

എന്നാൽ മെയ് 1ന് റിലീസ് ചെയ്ത സഞ്ജയ് ദത്ത്- മൗനി റോയ് ചിത്രം ‘ദ ഭൂത്‌നി’ ബോളിവുഡിൽ ഡിസാസ്റ്റർ ആയി മാറിയിരിക്കുകയാണ്. ഹൊറർ കോമഡി ജോണറിൽ എത്തിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ പിടിച്ചു നിൽക്കാനായില്ല. ആദ്യ വാരാന്ത്യത്തിൽ 3.19 കോടി രൂപയാണ് സിനിമ ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. ഇത്രയും സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും തുടരും ബോക്സ് ഓഫീസിൽ നല്ല രീതിയിൽ തന്നെയാണ് പ്രദർശനം തുടരുന്നത്. തമിഴിലും വിജയക്കുതിപ്പ് തുടരാൻ പോവുകയാണ് തുടരും. മേയ് ഒമ്പതിന് ചിത്രം തമിഴ്‌നാട്ടിൽ പ്രദർശനത്തിനെത്തും. മലയാളത്തിനൊപ്പം തുടരും തെലുങ്കിലും റിലീസ് ചെയ്തിരുന്നു.