തൃക്കാക്കരയില്‍ കനത്ത പോളിംഗ്; 3 മണിവരെ 55.76 ശതമാനം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്നത് കനത്ത പോളിങ്. രാവിലെ എട്ടു വരെ 8.15 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇതേസമയം 6.54 %ആയിരുന്നു. ആദ്യ മണിക്കൂറില്‍ 1.61 % വര്‍ധനയുണ്ടായിരിക്കുകയാണ് . പുരുഷന്മാരില്‍ 9.24 %, സ്ത്രീകള്‍ 7.13 % എന്നിങ്ങനെ രാവിലെ എട്ടു മണിവരെ 16,056 പേര്‍ വോട്ടു രേഖപ്പെടുത്തി. 8.45 ന് വോട്ടിങ് 10 ശതമാനം പിന്നിട്ടു(10.5 %) . 9 മണി ആയപ്പോഴേക്കും പോളിങ് 13.1 ശതമാനത്തിലെത്തി.  12 മണി കടക്കുമ്പോള്‍ പോളിങ് 38.20 ശതമാനം പിന്നിട്ടിരുന്നു.  സമയം 3 മണി ആയപ്പോഴേക്കും  55.76 ശതമാനം പിന്നിട്ടിരിക്കുകയാണ്.

യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്ലൈന്‍ ജംക്ഷനിലെ ബൂത്ത് 50ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140-ാം നമ്പര്‍ ബൂത്തിലും വോട്ടു രേഖപ്പെടുത്തി.

രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു പോളിങ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍. പി.ടി.തോമസ് എംഎല്‍എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണു തിരഞ്ഞെടുപ്പ്. ആകെയുള്ള 1,96,805 വോട്ടര്‍മാരില്‍ 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്.

പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റും. ജൂണ്‍ 3നു രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുക. 6 തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടും മണ്ഡലത്തിലുണ്ട്.