സുരക്ഷയുടെ ഭാഗമായി ചാര സോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി. അത് ആര്‍ക്കെതിരെ ഉപയോഗിക്കുന്നു എന്നതിലാണ് യഥാര്‍ഥ ആശങ്ക. പെഗസസ് ചാര സോഫ്റ്റ്വെയര്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള നിരീക്ഷണം നടത്തിയെന്ന ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് 2021ല്‍ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കവെയാണ് പെഗസസിനെ കുറിച്ച് പരാമര്‍ശം നടത്തിയത്.
വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങി ആയിരക്കണക്കിനു പേരുടെ ഫോണ്‍ ഇസ്രയേല്‍ ചാരസോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ചു ചോര്‍ത്തിയതുമായി ബന്ധപ്പെട്ടതാണു കേസ്. മുന്നൂറോളം ഇന്ത്യക്കാരും പട്ടികയില്‍ ഉള്‍പ്പെട്ടതോടെ, സുപ്രീം കോടതിയില്‍ ഹര്‍ജികളെത്തി.
ചാരസോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ചു ചോര്‍ത്തിയെന്നു പരാതിയുള്ള 29 പേരാണ് പരിശോധനയ്ക്കായി വിദഗ്ധ സമിതിക്കു ഫോണ്‍ കൈമാറിയത്. ചോര്‍ത്തപ്പെട്ടവരുടെ പേരുകളുമായി പുറത്തുവന്ന പട്ടികയില്‍ ഇന്ത്യയില്‍ നിന്നു മുന്നൂറോളം പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഫോണ്‍ നല്‍കാന്‍ പലരും മടിച്ചു. ഇത് അന്വേഷണം നീളാന്‍ ഇടയാക്കി. പത്രപ്പരസ്യം നല്‍കിയും കോടതി വഴി ആവശ്യപ്പെട്ടും നടത്തിയ ഇടപെടലുകള്‍ക്ക് ശേഷമാണ് 29 പേരെങ്കിലും ഫോണ്‍ നല്‍കിയത്. ഫോണുകളില്‍ ഡിജിറ്റല്‍, ഫൊറന്‍സിക് പരിശോധനകള്‍ സമിതി നടത്തിയിരുന്നു.
വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൗരന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനും ഉചിതമായ നിയമഭേദഗതികള്‍ക്കും നിര്‍ദേശങ്ങളുണ്ട്.
Read more
സ്വീകരിക്കേണ്ട ഭാവി നടപടികള്‍, സുതാര്യത, പരാതി, പരാതി പരിഹാരം തുടങ്ങിയവ സംബന്ധിച്ചും നിര്‍ദേശങ്ങളുണ്ട്. സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട് 3 ഭാഗങ്ങളായാണ്. പെഗസസുമായി ബന്ധപ്പെട്ട് സമിതി നടത്തിയ അന്വേഷണങ്ങള്‍ക്കു ലഭിച്ച പ്രതികരണങ്ങളും പ്രത്യേക ഫയലായി കോടതിയില്‍ നല്‍കി.