കേരളത്തിലെത്തുമ്പോള്‍ യുപിയെ തള്ളിപ്പറയും , വിദേശത്തെത്തുമ്പോള്‍ ഇന്ത്യയ്‌ക്കെതിരെ തിരിയും; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ യോഗി ആദിത്യനാഥ്

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുലും പ്രിയങ്കയും കേരളത്തിലെത്തുമ്പോള്‍ ഉത്തര്‍പ്രദേശിനെ തള്ളിപ്പറയുമെന്നും ഇന്ത്യക്ക് പുറത്ത് പോയാല്‍ രാജ്യത്തിന് നേരെയും വിരല്‍ ചൂണ്ടുമെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തെ ജനങ്ങളെ ഇരുവര്‍ക്കും വിശ്വാസമില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു യോഗിയുടെ പ്രതികരണം. .രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരമാണ് യു.പിയില്‍ നടക്കുന്നത്. കോണ്‍ഗ്രസിന് സ്വാധീനമുള്ള ചില മേഖലകളില്‍ കൂടിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗാന്ധി കുടുംബത്തിനെതിരായ വിമര്‍ശനങ്ങള്‍ യോഗി ശക്തമാക്കിയത്.

കേരളത്തെക്കുറിച്ചുള്ള വിവാദപ്രസ്താവനയെത്തുടര്‍ന്ന് യോഗിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജാഗ്രതയോടെ വോട്ടുചെയ്യണമെന്നും യു.പിയെ കേരളമോ കാശ്മീരോ ബംഗാളോ ആക്കിത്തീര്‍ക്കരുതെന്നുമായിരുന്നു യോഗിയുടെ വിവാദ പരാമര്‍ശം രാഹുലും യോ?ഗിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ യോഗിയുടെ പ്രസ്താവന.