ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക്; പരാതി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ കേസ് എടുക്കണമെന്ന ഗുസ്തി താരങ്ങളുടെ പരാതി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജന്തര്‍ മന്തറിലെ രാപ്പകല്‍ സമരം ആറാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിക്കുക. ഏഴു പേര്‍ ചേര്‍ന്നാണ് ഹർജി നല്‍കിയത്. കേസ് എടുക്കും മുമ്പ് വിശദമായ പരിശോധന നടത്തേണ്ടതുണ്ട് എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

പരാതിയിലുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്നതും അച്ചടക്കലംഘനവും ആണെന്ന ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയുടെ പ്രസ്താവനക്കെതിരെയും പ്രതിഷേധം ശക്തമാണ്.

പരാതികള്‍ ഉന്നയിക്കാന്‍ മറ്റ് വേദികളുണ്ട്. തെരുവിലെ സമരം കായിക മേഖലക്ക് ദോഷമാണ് എന്നായിരുന്നു പി.ടി ഉഷ പറഞ്ഞത്. വനിതാ താരമായിട്ടും തങ്ങളെ കേള്‍ക്കാന്‍ പി.ടി ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് പ്രതികരിച്ചു.

Read more

താരങ്ങളുടെ ആരോപണങ്ങള്‍ക്ക് സാക്ഷിയാണ് താനെന്ന് സായ് മുന്‍ ഫിസിയോ പരഞ്ജീത് മാലിക് വ്യക്തമാക്കി. പരാതി ഉന്നയിച്ച തന്നെ സായ് പുറത്താക്കിയെന്നും ഇക്കാര്യം മേല്‍നോട്ട സമിതിക്ക് മുമ്പാകെ അറിയിച്ചതാണെന്നും പരഞ്ജീത് പറഞ്ഞു.