വനം വകുപ്പിന്റെ അരിക്കൊമ്പന്‍ ദൗത്യം ആരംഭിച്ചു. പുലര്‍ച്ചെ നാലരയോടാണ് ദൗത്യം തുടങ്ങിയത്. വനം വകുപ്പ് ജീവനക്കാര്‍, മയക്കുവെടി വിദഗ്ധന്‍ ഡോ.അരുണ്‍ സക്കറിയ, വെറ്ററിനറി സര്‍ജന്‍മാര്‍, കുങ്കിയാനകളുടെ പാപ്പാന്മാര്‍ ഉള്‍പ്പെടെ 150 പേരാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.
സിമന്റ് പാലത്തിനു സമീപം അരികൊമ്പനെ കണ്ടെത്തി. ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സിമന്റ് പാലം ഭാഗത്തേക്കുള്ള റോഡ് 301 കോളനിക്ക് തിരിയുന്ന സ്ഥലത്ത് വച്ച് അടച്ചു.
എന്നാല്‍ അരിക്കൊമ്പനെ എവിടേക്ക് കൊണ്ടു പോകും എന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് വനം വകുപ്പ് അധികൃതരുടെ നിലപാട്. പെരിയാര്‍ ടൈഗര്‍ റിസര്‍വും അഗസ്ത്യാര്‍കൂടവും വനം വകുപ്പ് പരിഗണിക്കുന്നതായാണ് സൂചന.
കൊണ്ടുപോകുന്ന സ്ഥലത്തിന്റെ പേര് പരസ്യപ്പെടുത്തിയാല്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വനം വകുപ്പ് ഈ വിവരങ്ങള്‍ പുറത്തുവിടാത്തത്. അരിക്കൊമ്പനെ കൊണ്ടുപോകുന്ന വഴികളുടെ നിയന്ത്രണം പൂര്‍ണമായും പൊലീസ് ഏറ്റെടുക്കും.
Read more
അരിക്കൊമ്പനെ എങ്ങോട്ടുമാറ്റും എന്ന് ജനങ്ങളെ അറിയിക്കാതിരിക്കില്ല എന്നായിരുന്നു കഴിഞ്ഞ ആഴ്ച ജില്ലയിലെത്തിയ മന്ത്രി എ.കെ ശശീന്ദ്രന്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ സ്ഥലം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് ഇന്നലെ മന്ത്രി പറഞ്ഞത്.







