പീഡിപ്പിച്ചതിനു ശേഷം ശരീരത്തില്‍ തീവെച്ചു; യുവതി വിടാതെ കൈയില്‍ മുറുകെ പിടിച്ചു, യുവാവ് പൊള്ളലേറ്റ് മരിച്ചു

യുവതിയെ ബലാത്സംഗം ചെയ്ത ശേഷം തീവെച്ചു കൊല്ലാന്‍ ശ്രമിച്ച 35കാരന്‍ അതേ തീയില്‍ വീണ് പൊള്ളലേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലാണ് സംഭവം. തീപടരുന്നതിനിടെ യുവതി ഇയാളെ മുറുകെ പിടിച്ചതോടെ രക്ഷപ്പെടാന്‍ കഴിയാതെ ഇയാളുടെ മേല്‍ തീപടരുകയായിരുന്നു. അതേസമയം, മുഖത്തും കൈയിലും പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ചയാണ് സംഭവം. പീഡനത്തിനിരയായ യുവതി വിധവയാണ്. രണ്ട് പെണ്‍മക്കളോടൊപ്പമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. സംഭവം നടക്കുമ്പോള്‍ ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു. അതിക്രമിച്ച് വീട്ടിലെത്തിയ യുവാവ് ഇവരെ പീഡിപ്പിച്ചതിനു ശേഷം തീവെയ്ക്കുകയായിരുന്നു. തീ ആളിക്കത്തിയതോടെ യുവതി ഇയാളുടെ കൈയില്‍ കടന്നുപിടിച്ചു. അതോടെ യുവാവിന്റെ വസ്ത്രത്തിലും തീ പടര്‍ന്നു. സമീപവാസികള്‍ വീട്ടിനകത്ത് നിന്ന് പുകയും ദുര്‍ഗന്ധവും പുറത്തേക്ക് വമിച്ചതോടെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.

ഇരുവരെയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായ് മാല്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ യുവാവ് ചൊവ്വാഴ്ച രാവിലെ മരിച്ചു. പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.

യുവതിയുടെ വീട്ടില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് മരിച്ച യുവാവിന്റെ വീട്. ഇത്രദൂരം സഞ്ചരിച്ച് ഇയാള്‍ എന്തിന് ഇവിടെയെത്തിയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, യുവാവ് മിക്കപ്പോഴും യുവതിയെ കാണാന്‍ അവരുടെ വീട്ടിലെത്താറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.