നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിക്കുന്നു: ഭൂമിപൂജ ചടങ്ങിൽ പ്രധാനമന്ത്രി മോദി

ഇന്ത്യ അയോദ്ധ്യയിൽ ഒരു സുവർണ്ണ അധ്യായം സൃഷ്ടിക്കുകയാണെന്നും നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് ഇന്ന് അവസാനിക്കുമെന്നും രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

“നമ്മുടെ ഭക്തിയുടെയും ദേശീയവികാരത്തിന്റെയും പ്രതീകമായി ക്ഷേത്രം മാറും. കോടിക്കണക്കിന് ആളുകളുടെ കൂട്ടായ പ്രതിജ്ഞയുടെ ശക്തിയെ ഈ ക്ഷേത്രം പ്രതീകപ്പെടുത്തും. ഇത് ഭാവിതലമുറയ്ക്ക് പ്രചോദനമേകും. ” നരേന്ദ്രമോദി പറഞ്ഞു.

“ഒരു കൂടാരത്തിൽ താമസിച്ചിരുന്ന നമ്മുടെ രാം ലല്ലയ്‌ക്കായി ഇനി ഒരു വലിയ ക്ഷേത്രം നിർമ്മിക്കപ്പെടും. ഇന്ന്, രാമജന്മഭൂമി തകർക്കുകയും വീണ്ടും പണിയുകയും ചെയ്യുന്ന ചാക്രിക പ്രക്രിയയിൽ നിന്ന് മുക്തമാകുന്നു,” പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

“ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തോടെ ചരിത്രം സൃഷ്ടിക്കുക മാത്രമല്ല, ആവർത്തിക്കുകയും ചെയ്യുന്നു. രാമന്റെ അസ്തിത്വം ഇല്ലാതാക്കാൻ എത്ര ശ്രമിച്ചിട്ടും അദ്ദേഹം ഇപ്പോഴും നമ്മുടെ ഹൃദയത്തിൽ വസിക്കുന്നു, അത് നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാനവുമാണ്,” രാമക്ഷേത്രത്തിന്റെ ഭൂമി പൂജയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

“ജയ് ശ്രീറാം” എന്ന മുദ്രാവാക്യത്തോടെയാണ് മോദി പ്രസംഗം തുടങ്ങിയത്. “ഈ വിളി രാമനഗരത്തിൽ മാത്രമല്ല, ഇന്ന് ലോകമെമ്പാടും പ്രതിധ്വനിക്കുന്നു.” എന്നും മോദി പറഞ്ഞു.