ഗില്ലിന് നിങ്ങൾ കുറച്ച് സമയം നൽകുക, ഒന്നോ രണ്ടോ മാസം കൊണ്ട് ക്യാപ്റ്റന്മാരെ സൃഷ്ടിക്കാനാവില്ല: ഹർഭജൻ സിംഗ്

രോഹിത് ശർമ്മയുടെയും വിരാട് കൊഹ്ലിയുടെയും വിരമിക്കൽ ഇന്ത്യൻ ടെസ്റ്റ് ടീമിന് കിട്ടിയ വലിയ തിരിച്ചടിയാണ്. താരങ്ങളുടെ അഭാവം ഇംഗ്ലണ്ടിനെതിരെ നടക്കാൻ പോകുന്ന പരമ്പരയെ ബാധിക്കാൻ സാധ്യതയുണ്ട് എന്നാണ് പല മുൻ താരങ്ങളുടെയും വിലയിരുത്തൽ. പുതിയ ക്യാപ്റ്റനായി ബിസിസിഐ തിരഞ്ഞെടുത്തത് യുവ താരം ശുഭ്മൻ ഗില്ലിനെയാണ്. താരത്തിന്റെ കീഴിൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് വീഴുമോ എന്നതിൽ ആരാധകർക്കും ആശങ്കയുണ്ട്.

താരത്തെ നായകനാക്കിയതിൽ ഒരുപാട് പേർ വിമർശനവുമായി എത്തിയെങ്കിലും താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ശുഭ്മൻ ഗില്ലിന് തന്റെ നേതൃപാടവം തെളിയിക്കാൻ കൂടുതൽ സമയം നൽകണമെന്നാണ് ഹർഭജൻ സിംഗ് പറയുന്നത്.

ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ:

” ഓരോ ക്യാപ്റ്റനും പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവാനുള്ള കഴിവുണ്ട്. ഒന്നോ രണ്ടോ മാസം കൊണ്ട് ക്യാപ്റ്റന്മാരെ സൃഷ്ടിക്കാനാവില്ല. ഗില്ലിന് നിങ്ങൾ കുറച്ച് സമയം നൽകുക. അവൻ അവസരത്തിനൊത്ത് ഉയരും. ഒരു ബാറ്ററെന്ന് നിലയിൽ അദ്ദേഹം എത്രത്തോളം കഴിവുളള താരമാണെന്ന് നമ്മളെല്ലാം കണ്ടതാണ്. ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യ വീണ്ടും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ശുഭ്മാൻ ഗില്ലിനും ടീം ഇന്ത്യയ്ക്കും ആശംസകൾ. ഇതൊരു യുവ ടീമാണ്, എന്നാൽ ഒരു കിടിലൻ സ്‌ക്വാഡാണ്” ഹർഭജൻ സിംഗ് പറഞ്ഞു.

മുൻപ് സിംബാവെയ്‌ക്കെതിരെ ഗിൽ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുണ്ട്. കൂടാതെ ഇപ്പോൾ കഴിഞ്ഞ ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെ പ്ലെഓഫീലും എത്തിക്കാൻ താരത്തിന്റെ ക്യാപ്റ്റൻസി കൊണ്ട് സാധിച്ചിട്ടുണ്ട്. ജൂൺ 20 മുതലാണ് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.