അര്‍ബന്‍ നക്‌സലുകള്‍ പുതിയ രൂപത്തില്‍ ഗുജറാത്തില്‍ കയറാന്‍ നോക്കുന്നു, യുവാക്കളുടെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ല: മോദി

‘അര്‍ബന്‍ നക്സലുകള്‍’ പുതിയ രൂപത്തില്‍ ഗുജറാത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ യുവാക്കളുടെ ജീവിതം നശിപ്പിക്കാന്‍ ഇത്തരക്കാരെ ഗുജറാത്ത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ബറൂച്ചിയില്‍ പറഞ്ഞു.

ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ രാജ്യത്തെ ആദ്യത്തെ ബള്‍ക്ക് ഡ്രഗ് പാര്‍ക്കിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘അര്‍ബന്‍ നക്സലുകള്‍ പുതിയ രൂപഭാവങ്ങളോടെ ഗുജറാത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയാണ്.

അവര്‍ വേഷവിധാനം മാറ്റി. നിരപരാധികളും ഊര്‍ജ്ജസ്വലരുമായ നമ്മുടെ യുവാക്കളെ അവര്‍ വഴിതെറ്റിക്കുന്നു,’ ആം ആദ്മി പാര്‍ട്ടിയെയാണ് പ്രധാനമന്ത്രി മോദി ഇതിലൂടെ പരോക്ഷമായി ഉദ്ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അര്‍ബന്‍ നക്സല്‍’ പരാമര്‍ശം.

അര്‍ബന്‍ നക്‌സലുകളുടെ കാലുകള്‍ക്കടിയില്‍ കിടന്ന് നമ്മുടെ യുവതലമുറയെ നശിപ്പിക്കാന്‍ നാം അനുവദിക്കില്ല. രാജ്യത്തെ നശിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്ന അര്‍ബന്‍ നക്‌സലുകള്‍ക്കെതിരെ നമ്മുടെ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കണം. മോദി കൂട്ടിച്ചേര്‍ത്തു.