രാജ്യം നേരിടുന്നത് സാമ്പത്തിക മാന്ദ്യത്തെയല്ല, സാമ്പത്തിക അലസതയെയാണെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

രാജ്യം സാമ്പത്തിക മാന്ദ്യത്തെയല്ല സാമ്പത്തിക അലസതയെയാണ് നേരിടുന്നതെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മ. കേന്ദ്രസർക്കാർ അടുത്തിടെ കൈക്കൊണ്ട സാമ്പത്തിക നടപടികൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ പുതിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ് വ്യവസ്ഥയെച്ചൊല്ലി സർക്കാരിനെ ആക്രമിച്ച പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. സർക്കാരിനെ ആക്രമിക്കാൻ പ്രതിപക്ഷത്തിന് മറ്റു വിഷയങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇപ്പോഴുള്ള സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങളെ സാമ്പത്തികമാന്ദ്യം എന്ന് വിശേഷിപ്പിക്കരുതെന്നും വേണമെങ്കിൽ സാമ്പത്തിക അലസതയെന്ന് വിശേഷിപ്പിക്കാമെന്നും ദിനേശ് ശർമ്മ പറഞ്ഞു. ഇത് വേണമെങ്കിൽ ഒരു പുതിയ വാക്കാകാം. ലോകത്തിലെ ഒരു പ്രത്യേക രാജ്യത്ത് പ്രത്യേക സമയത്ത് ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതമായി ഇതിനെ വേണമെങ്കിൽ വിശേഷിപ്പിക്കാം.

ഇന്ന് യു എസും യൂറോപ്യൻ രാജ്യങ്ങളും സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുന്നുണ്ട്. പരോക്ഷമായി ഇത് ഇന്ത്യയെയും ബാധിച്ചു. കയറ്റുമതി പ്രോത്സാഹിപ്പിക്കുക, ഇറക്കുമതി കുറയ്ക്കുക, ചില ഇറക്കുമതികളുടെ തീരുവ വർദ്ധിപ്പിച്ച് ഇറക്കുമതിയെ നിയന്ത്രിക്കുക. അതേസമയം തന്നെ, രാജ്യത്ത് ഉല്പാദിപ്പിച്ച വസ്തുക്കൾ അനുയോജ്യമായ വിലയിൽ മാർക്കറ്റിൽ ലഭ്യമാക്കുന്നതും സമ്പദ് വ്യവസ്ഥയിൽ പുതിയ മാറ്റം കൊണ്ടുവരാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തെ ആക്രമിച്ച് സംസാരിക്കവെ, പ്രതിപക്ഷം നിരാശരും ദുഃഖിതരുമാണെന്നാണ് താൻ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് മുമ്പിൽ സർക്കാരിനെ അപലപിക്കാൻ പ്രതിപക്ഷത്തിന് മറ്റൊരു വിഷയവുമില്ല. അതുകൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിലുള്ള ഗോസിപ്പുകളിൽ ഏർപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.