മൃതദേഹങ്ങളെ കടന്നും, കാടുകളിൽ ചിലവഴിച്ചും, ഭക്ഷണമില്ലാതെയും അമേരിക്കയെന്ന സ്വപ്നത്തിനായി അഗ്നിപരീക്ഷ; ഒടുവിൽ ‘അച്ഛേ ദിന്നിലേക്ക്’ മടക്കം  

Advertisement

 

 

അമേരിക്കയിലേക്ക് കുടിയേറി ഭാവി ജീവിതം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച്‌ അനധികൃതമായി മെക്സിക്കോ വഴി യു.എസിലേക്ക് കടക്കാൻ ശ്രമിച്ച 311 ഇന്ത്യക്കാരെ മെക്സിക്കൻ ഇമിഗ്രേഷൻ അധികൃതർ ഇന്നലെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. മെക്സിക്കൻ അതിർത്തി വഴി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാടുകളിൽ ചിലവഴിച്ച രാത്രികളും, മൃതദേഹങ്ങളെ കടന്നുള്ള യാത്രയും, വേണ്ടത്ര ഭക്ഷണമില്ലാതെ അഭയാർഥിക്യാമ്പുകളിൽ കഴിഞ്ഞതും മറ്റുമായി അഗ്നിപരീക്ഷയുടെ ദിവസങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ.

ചാർട്ടേഡ് വിമാനത്തിൽ മെക്സിക്കോയിൽ നിന്നും പറഞ്ഞയച്ച ഇവർ 11 മണിക്കൂർ എടുത്തു ഇന്ത്യയിലെത്താൻ, നാടുകടത്തപ്പെട്ട ഇവരെ  ആദ്യം മെക്സിക്കോയിൽ നിന്ന് സ്പെയിനിലേക്കും പിന്നീട് ഇന്ത്യയിലേക്കും എത്തിക്കുകയായിരുന്നു.

ഇന്ത്യൻ കരസേനയിൽ ജോലിക്ക് പരീക്ഷ എഴുതി പരാജയപ്പെട്ടതിനെ തുടർന്ന് ജൂണിൽ പട്യാല വിട്ട 19 കാരനായ മന്ദീപ് സിംഗും നാട്ടിലേക്ക് മടങ്ങിയവരിൽ പെടുന്നു. “ഏപ്രിലിൽ, സൈനികനാകാനുള്ള പരീക്ഷ എഴുതി പക്ഷേ പരാജയപെട്ടു. തുടർന്ന് യുഎസിലേക്ക് പോകാൻ ഞാൻ ആലോചിച്ചു. അവിടേക്ക് പോകാൻ പഞ്ചാബിലുള്ള ഒരു ഏജന്റിന്റെ അടുത്ത് 20 ലക്ഷം രൂപ ചെലവഴിച്ചു. മെയ് 9, ഞാൻ ഇന്ത്യ വിട്ട് ഇക്വഡോറിലെത്തി.അവിടെ നിന്ന് കൊളംബിയയിലും പിന്നീട് പനാമയിലും എത്തി. ഏഴു ദിവസം ഞങ്ങൾ പനാമയിലെ കൊടുംവനങ്ങളിലൂടെ നടന്നു. സെപ്റ്റംബർ 12 ന് ഞങ്ങൾ മെക്സിക്കോയിലെത്തി. മെക്സിക്കൻ അധികാരികൾ ഞങ്ങളെ വലിച്ചിഴച്ച് നാടുകടത്തിയപ്പോൾ ഞങ്ങൾ അമേരിക്കയിൽ നിന്ന് 800 കിലോമീറ്റർ അകലെയായിരുന്നു,” മന്ദീപ് സിംഗ് പറഞ്ഞു.

പനാമയിലെ വനങ്ങൾ മുറിച്ചുകടക്കുമ്പോൾ നിരവധി മൃതദേഹങ്ങൾ കണ്ടെന്നും ഒരുപക്ഷെ തന്നെപ്പോലെ തന്നെ കുടിയേറാൻ ആഗ്രഹിച്ചവരായിരിക്കാം അവരെന്നും മന്ദീപ് സിംഗ് പറഞ്ഞു. “യാത്ര ഭയാനകമായിരുന്നു, ഞാൻ ഒരിക്കലും തിരിച്ചുപോവുകയില്ല. ക്യാമ്പിൽ വളരെ ചെറിയ അളവിൽ മാത്രമാണ് വെജിറ്റേറിയൻ ഭക്ഷണം ഉണ്ടായിരുന്നത് കൂടുതലും ബീഫായിരുന്നെന്നും വിളമ്പിയത്. സെപ്റ്റംബർ 25 ന് ഞങ്ങൾ രണ്ട് ദിവസം നീണ്ടുനിന്ന ഒരു പ്രതിഷേധത്തിൽ ഇരുന്നു, അതിനുശേഷം അവർ ഞങ്ങൾക്ക് കിഡ്നി ബീൻസും ചോറും നൽകാൻ തുടങ്ങി, പക്ഷേ അളവ് വളരെ കുറവായിരുന്നു,” അദ്ദേഹം പറഞ്ഞു.

ജൂൺ 5 ന് ഡൽഹിയിൽ നിന്ന് ഇക്വഡോറിലേക്ക് പുറപ്പെട്ട 22കാരനായ സാഹിൽ മാലിക് വിവിധ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് മെക്സിക്കോയിലെത്തിയെന്നും പലപ്പോഴും ബസ് മാർഗമാണ് അതിർത്തി കടന്നതെന്നും പറഞ്ഞു. “ചില പ്രശ്‌നങ്ങൾ കാരണം രാജ്യം വിട്ട് വിദേശത്ത് സ്ഥിരതാമസമാക്കാൻ ഞാൻ ആഗ്രഹിച്ചു. ഇന്ത്യയിലേക്ക് നാടുകടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഞങ്ങളുടെ അടുത്ത് വന്ന് ഞങ്ങളുടെ എല്ലാ രേഖകളും പരിശോധിക്കുകയും എത്രയും വേഗം യുഎസിലേക്ക് അയക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.” സാഹിൽ പറഞ്ഞു.

മെക്സിക്കോയിലെ അവരുടെ അവസാന ലക്ഷ്യസ്ഥാനമായ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയാണെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥർ അവരെ കൂട്ടികൊണ്ടുപോയതെന്ന് സാഹിൽ മാലിക് പറഞ്ഞു, എന്നാൽ അവരെ ഒരു വിമാനത്താവളത്തിൽ വിട്ടു, അവിടെ നിന്ന് സ്പെയിൻ വഴി ഡൽഹിയിലെത്തി.

നാടുകടത്തപ്പെട്ടവരിൽ ഏക വനിതയായ ജലന്ധറിലെ കമൽജിത് കൗർ (34) തന്റെ ഭർത്താവിനും മകനും തനിക്കും ഉൾപ്പെടെ യുഎസിലെത്താൻ 53 ലക്ഷം രൂപ ചെലവഴിച്ചു.

മെക്സിക്കോയിലെ തപചുല അഭയാർഥിക്യാമ്പിലെ മോശം ജീവിത സാഹചര്യങ്ങളെക്കുറിച്ച് സോംബിർ സൈനി പരാതിപ്പെട്ടു.

യാത്ര അത്ര ബുദ്ധിമുട്ടുള്ളതല്ലായിരുന്നെന്നും എന്നാൽ അഭയാർഥിക്യാമ്പുകളിൽ ദിനങ്ങൾ ദുരിതമായിരുന്നെന്നും സുരേന്ദർ (30) പറഞ്ഞു. “വിവിധ രാജ്യങ്ങളിൽ നിന്നുള്ള 6,000-7,000 ആളുകൾ ഈ ക്യാമ്പുകളിൽ ഉണ്ടായിരുന്നു. സ്ഥിതി ദയനീയമായിരുന്നു. ദിവസത്തിൽ ഒരു മണിക്കൂർ മാത്രമേ വെള്ളം വിതരണം ചെയ്യാറുള്ളൂ, വേണ്ടത്ര മെഡിക്കൽ സൗകര്യങ്ങളില്ലായിരുന്നു. ഏത് രോഗമുണ്ടായാലും എല്ലാ രോഗികൾക്കും അവർ ഒരേ മരുന്നുകളാണ് നൽകിയിരുന്നത്,” അദ്ദേഹം പറഞ്ഞു. ഇക്വഡോറിൽ നിന്ന് ഇമിഗ്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതായും ഇത് മറ്റ് രാജ്യങ്ങളിൽ എത്താൻ സഹായിച്ചതായും സുരേന്ദർ പറഞ്ഞു. “പഞ്ചാബ് ആസ്ഥാനമായുള്ള ഒരു ഏജന്റിന് ഞാൻ 13 ലക്ഷം രൂപ നൽകിയിരുന്നു, എല്ലാ രാജ്യങ്ങളിലും ഞങ്ങളുടെ ഫോട്ടോകളും പേരുകളും കാണിച്ചതിന് ശേഷം ഞങ്ങൾ അദ്ദേഹത്തിന്റെ കൂട്ടാളികളെ കണ്ടു. ഇന്ത്യൻ പൗരന്മാരെ മാത്രമേ നാടുകടത്തിയിട്ടുള്ളൂ, നേപ്പാൾ, ശ്രീലങ്ക എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ ഇപ്പോഴും അവിടെയുണ്ട്.

“ഞാൻ രണ്ട് തവണ ഐ‌ഇ‌എൽ‌ടി‌എസ് പരീക്ഷ പാസായി, പക്ഷേ ചില കാരണങ്ങളാൽ എനിക്ക് വിദേശത്തേക്ക് പോകാൻ കഴിയാത്തതിനാൽ അതിന്റെ കാലാവധി കഴിഞ്ഞു.” കുരുക്ഷേത്ര നിവാസിയായ രാംദാസ് (26) പറഞ്ഞു. അവസാനം, മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കായി യുഎസിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു അങ്ങനെ ഇക്വഡോറിൽ എത്തി. ഞങ്ങൾ മെക്സിക്കോയിലെത്തി രണ്ട് മാസം വിവിധ ക്യാമ്പുകളിൽ താമസിച്ചു. തുടർന്ന്, ഞങ്ങളെ മെക്സിക്കോ സിറ്റിയിലെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുമെന്നും അവിടെ നിന്ന് അവർ ഞങ്ങളെ യുഎസിലേക്ക് അയക്കുമെന്നും അറിയിച്ചു.

 

(പി.ടി.ഐ റിപ്പോർട്ടിന്റെ പരിഭാഷ)