ദരിദ്രര്‍ക്ക് മുന്‍ഗണന ആശയം വിജയിച്ചു; ജാതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോയില്ല; ബിജെപി വിജയത്തില്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി

നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയത്തെ ജനം ഏറ്റെടുത്തതായി അദേഹം പറഞ്ഞു. ഐതിഹാസികവും അപൂര്‍വവുമായ വിജയം, എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി. തന്റെ ഉത്തരവാദിത്തം കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് പ്രത്യേകം നന്ദിയും അദേഹം പറഞ്ഞു.അവര്‍ വിശ്രമമില്ലാതെ പ്രയത്‌നിക്കുകയും സര്‍ക്കാറിന്റെ വികസന അജണ്ട ജനങ്ങളിലെത്തിക്കുകയും ചെയ്തതായി മോദി പ്രതികരിച്ചു. തെലങ്കാനയിലെ ജനങ്ങള്‍ നല്‍കിയ പിന്തുണക്കും മോദി നന്ദി അറിയിച്ചു. തെലങ്കനായിലെ സഹോദരങ്ങളെ, ബി.ജെ.പിക്ക് നിങ്ങള്‍ നല്‍കിയ പിന്തുണക്ക് നന്ദി. ഏതാനും വര്‍ഷങ്ങളായി നിങ്ങള്‍ നല്‍കുന്ന പിന്തുണ വര്‍ധിക്കുകയാണ്, വരുംനാളുകളിലും ഇത് തുടരും. തെലങ്കാനയുമായി ഞങ്ങള്‍ക്കുള്ള ബന്ധം ഒരിക്കലും മുറിഞ്ഞുപോകാത്തതാണ്. ജനങ്ങള്‍ക്കു വേണ്ടിയുള്ള ഞങ്ങളുടെ പ്രവര്‍ത്തനം തുടരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

”ഇന്ന് ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രമേയം വിജയിച്ചു. ദരിദ്രര്‍ക്ക് മുന്‍ഗണന എന്ന ആശയം വിജയിച്ചു. രാജ്യത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളുടെ വികസനം എന്ന ആശയം വിജയിച്ചു. ഇന്നത്തെ വിജയം ചരിത്രപരവും അഭൂതപൂര്‍വവുമാണ്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ആശയം വിജയിച്ചിരിക്കുന്നു.

ഈ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. എന്റെ മുന്നില്‍ നാലു ജാതികളാണുള്ളത് സ്ത്രീ, യുവാക്കള്‍, കര്‍ഷകര്‍, ദരിദ്രര്‍. ഇന്ന് ഓരോ പാവപ്പെട്ടവനും പറയുന്നത് താന്‍ വിജയിച്ചെന്നാണ്. ഓരോ പാവപ്പെട്ടവന്റെയും മനസ്സില്‍ താന്‍ വിജയിച്ചുവെന്ന തോന്നലാണ്. ഓരോ കര്‍ഷകനും ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് പറയുന്നു. ഇന്ന് ഓരോ ആദിവാസി സഹോദരനും സഹോദരിയും സന്തോഷത്തിലാണ്.