ആളൊഴിഞ്ഞ പ്രദേശത്ത് കൂട്ടിക്കൊണ്ടു പോയി കണ്ണില്‍ മുളക് പൊടി വിതറി കല്ലു കൊണ്ട് അടിച്ചു കൊല്ലും; ആദ്യ കൊലപാതകം 16-ാം വയസില്‍, 32-ാം വയസില്‍ 12 കൊലപാതകം; തെലങ്കാനയിലെ സീരിയല്‍ കില്ലര്‍ പിടിയില്‍

രാജ്യത്തെ ഞെട്ടിച്ച തെലങ്കാനയിലെ സീരിയില്‍ കില്ലര്‍ മുഹമ്മദ് യൂസഫ് പാഷ അറസ്റ്റില്‍. തെലങ്കാനയിലെ മഹ്ബൂനഗര്‍ ജില്ലയിലെ സ്‌കൂളിലെ തൂപ്പുകാരനെ കൊലപ്പെടുത്തിയ കേസിലാണ് യൂസഫിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

16-ാം വയസിലാണ് യൂസഫ് പാഷ ആദ്യ കൊലപാതകം നടത്തിയത്. 32 വയസുകാരനായ പാഷ 12 കൊലപാതകങ്ങള്‍ ചെയ്തിട്ടുണ്ട്. വളരെ വിചിത്രമായ രീതിയിലാണ് ഇയാള്‍ ആളുകളുമായി അടുപ്പം സ്ഥാപിച്ചിരുന്നത്. ചിത്രകാരനാണ് താന്‍ എന്ന് പറഞ്ഞാണ് മുഹമ്മദ് യൂസഫ് പാഷ ആളുകള്‍ക്കിടയില്‍ സൗഹൃദം സ്ഥാപിക്കുന്നത്.

ഈ സീരിയല്‍ കില്ലര്‍ കൊല ചെയ്യുന്ന രീതി കേട്ടാല്‍ ആരും ഭയന്ന് വിറയ്ക്കും. മാന്യമായ സംസാരം കൊണ്ട് ആരെയും വീഴ്ത്താന്‍ പാഷയ്ക്ക് പ്രത്യേക മിടുക്കുണ്ട്. സ്വര്‍ണനാണയങ്ങള്‍ ഉള്ള നിധിശേഖരം കാണിച്ചു തരാമെന്നും തുച്ഛമായ വിലയ്ക്ക് മൃഗങ്ങളെയോ മറ്റു സാധനങ്ങളോ വാങ്ങിത്തരാമെന്ന് പറഞ്ഞും ആളൊഴിഞ്ഞ സ്ഥലത്തേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോകും. എന്നിട്ട് കണ്ണുകളില്‍ മുളക് പൊടി വിതറിയ ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലും. അതിനു ശേഷം സ്വര്‍ണാഭരണങ്ങളും മൊബൈലും ഉള്‍പ്പെടെ വിലപിടിപ്പുള്ളതെന്തും കൈക്കലാക്കി മറ്റൊരു ഇരയെ തേടി നീങ്ങും.

ഇപ്പോള്‍ പാഷ അറസ്റ്റിലായിരിക്കുന്നത് സ്‌കൂളിലെ തൂപ്പുകാരനായിരുന്ന ബാലരാജിനെ കൊലപ്പെടുത്തിയ കേസിലാണ്. ഫെബ്രുവരി ഒമ്പതിനാണ് സംഭവം. കുറഞ്ഞ ചെലവില്‍ ആടുകളെ വില്‍ക്കുന്ന ഒരാളെ പരിചയപ്പെടുത്തി  തരാം എന്ന് പറഞ്ഞാണ് യൂസഫ് ബാലരാജിനെ കൊണ്ടുപോയത്. അദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം 14,000 രൂപയും മൊബൈല്‍ ഫോണുമായി ഇയാള്‍ കടന്നു കളയുകയായിരുന്നു. ബാലരാജിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാഷ അറസ്റ്റിലാകുന്നത്.