പീഡനം എതിര്‍ത്തതോടെ ട്രെയിനില്‍ നിന്ന് ഗര്‍ഭിണിയെ തള്ളിയിട്ട സംഭവം; ഗര്‍ഭസ്ഥ ശിശു മരിച്ചു

തമിഴ്‌നാട്ടില്‍ ട്രെയിനില്‍ പീഡനം എതിര്‍ത്തതിന് പിന്നാലെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. അതിക്രമം നേരിട്ട യുവതി നാല് മാസം ഗര്‍ഭിണിയായിരുന്നു. നിലവില്‍ വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയ സ്തംഭനം നിലച്ചതിനെ തുടര്‍ന്നാണ് മരണം.

വ്യാഴാഴ്ച രാവിലെ 10.30ന് ആണ് സംഭവം നടന്നത്. തിരുപ്പൂരില്‍നിന്ന് ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന 36രകാരിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ലേഡിസ് കംപാര്‍ട്മെന്റിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്. ജോലര്‍പേട്ടൈ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ കംപാര്‍ട്ട്മെന്റില്‍ യുവതി ഒറ്റയ്ക്കായതിന് പിന്നാലെയാണ് പ്രതി ഹേമരാജ് ബോഗിയിലേക്ക് ചാടിക്കയറിയത്.

യുവതി ഒറ്റയ്ക്കാണെന്ന് മനസിലായതോടെ ഹേമരാജ് ആക്രമിക്കുകയായിരുന്നു. ഇതോടെ ഹേമരാജിനെ ചവിട്ടി രക്ഷപ്പെടാന്‍ യുവതി ശ്രമിച്ചു. ഇതിനിടയില്‍ ഹേമരാജ് യുവതിയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. യുവതിയുടെ കൈയിലും കാലിലും തലയിലും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ വെല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് ഹേമരാജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി നിരവധി കേസുകളില്‍ പ്രതിയാണെന്നും ഇയാള്‍ ഇത്തരത്തില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.