പ്രതികരിച്ച് തമിഴ്നാട് ധനമന്ത്രി;പുറത്തുവിട്ട ശബ്ദരേഖ വ്യാജം, ഡി.എം.കെയെ ഭിന്നിപ്പിക്കാൻ ശ്രമിച്ചാൽ വിജയിക്കില്ലെന്നും മറുപടി

തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പുറത്തുവിചട്ട ശബ്ദരേഖ സന്ദേശങ്ങൾ വ്യാജമെന്ന് ആവർത്തിച്ച ധനമന്ത്രി പളനിവേൽ ത്യാഗരാജൻ. ഡിഎംകെയ്ക്ക് ഉള്ളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ബ്ലാക് മെയിൽ സംഘമാണ് വ്യാജ ശബ്ദരേഖയ്ക്ക് പിന്നിലെന്നായിരുന്നു ധനമന്ത്രിയുടെ വിശദീകരണം. ഉദയനിധി സ്റ്റാലിനും സ്റ്റാലിന്‍റെ മരുമകൻ ശബരീശനും അഴിമതി നടത്തിയതായി പറയുന്ന ശബ്ദരേഖയുടെ രണ്ടാം ഭാഗം അണ്ണാമലൈ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് മറിപടിയുമായി ധനമന്ത്രി നേരിട്ടെത്തിയത്.

സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം ശബ്ദവും ദൃശ്യങ്ങളും ഉണ്ടാക്കിയതിന്‍റെ മുൻ ഉദാഹരണങ്ങളടക്കം കാട്ടിയാണ് മന്ത്രിയുടെ വിശദീകരണ വീഡിയോ. ബിജെപിയുടെ സംഘടനാ സംവിധാനത്തെപ്പറ്റി മതിപ്പോടെ സംസാരിക്കുന്നതായി രണ്ടാം ശബ്ദരേഖയിൽ കേൾക്കാം. ഇതോടെയാണ് പളനിവേൽ ത്യാഗരാജൻ ശബ്ദം തന്‍റേതല്ലെന്ന വീഡിയോ വിശദീകരണവുമായി എത്തിയത്. ആരോപണങ്ങളിലൂടെ സ്റ്റാലിനെയാണ് അണ്ണാമലൈ പ്രധാനമനായും ലക്ഷ്യം വയ്ക്കുന്നത്.

ഇതിനിടെ തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന മൂന്നാം ദിവസം തുടരുകയാണ്. പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിന്‍റെ വിവിധ ഓഫീസുകളിലും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ വിശ്വസ്തനായ അണ്ണാ നഗർ എംഎൽഎ എം.കെ.മോഹന്‍റെ വീട്ടിലുമാണ് പരിശോധന.