രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധം; ഉത്തരവ് വന്‍ വിവാദത്തില്‍; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി മുസ്ലീം സംഘടനകള്‍

സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കിയ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ് വന്‍ വിവാദത്തില്‍. രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിരവധി മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീം സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കി.

രാജസ്ഥാനിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഫെബ്രുവരി 15 മുതല്‍ സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കാനാണ് ഉത്തരവ്. ബിജെപി സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാത്തവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് പുറത്തുവന്നതോടെ മുസ്ലീം സംഘടനകള്‍ കടുത്ത എതിര്‍പ്പുമായാണ് രംഗത്ത് വരുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളിലെ സൂര്യനമസ്‌കാരം ബഹിഷ്‌കരിക്കാന്‍ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആഹ്വാനം ചെയ്തിട്ടുണ്ട്. മന്ത്രങ്ങള്‍ ജപിക്കുന്നതുള്‍പ്പെടെ സൂര്യനെ ആരാധിക്കുന്ന യോഗാസനങ്ങളും ഉള്‍പ്പെടുന്നു. തങ്ങളുടെ മത വിശ്വാസ പ്രകാരം സൂര്യനെ ആരാധിക്കുന്നത് അനുവദനീയമല്ലെന്നും സംഘടന അറിയിച്ചു.