കശ്മീരിലെ സുരക്ഷാവിഷയത്തിൽ കോടതി ഇടപെടരുതെന്ന് സോളിസിറ്റർ ജനറൽ, ‘അത് സുരക്ഷാഏജൻസികളുടെ ഉത്തരവാദിത്വം’

കശ്മീരിലെ സുരക്ഷാവിഷയങ്ങളില്‍ കോടതി ഇടപെടരുതെന്ന് സുപ്രീം കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. സുരക്ഷാ ഏജന്‍സികളാണ് ഈ വിഷയം പരിശോധിക്കേണ്ടത്. കോടതിയല്ലെന്നും സോളിസിറ്റര്‍ തുഷാര്‍ മെഹ്ത പറഞ്ഞു.കാശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിച്ചതിനെതിരെ നൽകിയ ഹർജികൾ പരിഗണിക്കുന്ന വേളയിലാണ് സോളിസിറ്റർ ജനറൽ ഇങ്ങനെ പറഞ്ഞത്.

കശ്മീരിലെ സ്ഥിതിഗതികള്‍ പരിശോധിച്ചു വരികയാണെന്നും എത്രയും പെട്ടെന്ന് സാധാരണ നിലയിലെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മെഹ്ത അഭിപ്രായപ്പെട്ടു. കാര്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് കുറച്ചുകൂടി സമയം കോടതി നല്‍കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിരീക്ഷിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചിലെ നടപടിയെ ചോദ്യം ചെയ്ത് അഭിഭാഷകനായ എം.എല്‍ ശര്‍മ്മ നല്‍കിയ ഹര്‍ജി, കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വാതന്ത്ര്യമില്ലെന്ന് ആരോപിച്ച് കശ്മീര്‍ ടൈംസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ ബോബ്‌ഡെ, അബുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.