റിപ്പോ - റിവേഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു

റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ – റിവോഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല. കോവിഡ് കേസുകൾ കൂടുന്നത് ആഭ്യന്തര ഉത്പാദനം കണക്കാക്കുന്നതിൽ അനിശ്ചിതത്വമുണ്ടാക്കുന്നുണ്ടെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. കോവി‍ഡ് വ്യാപനം ബാധിച്ച സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് വായ്പാനയ അവലോകന കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തത്.  ഇതോടെ റിപ്പോ നിരക്ക് 4 ശതമാനമായും റീവേഴ്സ് റീപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. കോവിഡ് കേസുകളിൽ വർദ്ധന വരുന്നതും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനിടെയുമാണ് തീരുമാനം.

അടുത്ത സാമ്പത്തിക വർഷം 10.5 ശതമാനം ജി.ഡി.പി വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. എന്നാൽ രാജ്യത്തെ പുതിയ കോവിഡ് വ്യാപനം നിരീക്ഷിച്ച് വരികയാണെന്നും ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പല സംസ്ഥാനങ്ങളും വീണ്ടും അടച്ചുപൂട്ടലിലേക്ക് കടക്കാനിരിക്കുന്നത് സാമ്പത്തിക രം​ഗത്ത് വീണ്ടും അനിശ്ചിതത്വത്തിന് കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.