രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് അതിവേഗം; നടപടികളിലും സംശയം; നിയമ പോരാട്ടത്തിനായി അഞ്ചംഗ സമിതി; തോറ്റാല്‍ വയനാട്ടില്‍ തിരഞ്ഞെടുപ്പ്

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കിയ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് കോണ്‍ഗ്രസ്. കോടതി വിധി വന്ന 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ന് രാവിലെയാണ് സൂറത്ത് കോടതിയുടെ ഉത്തരവ് ലോക്സഭാ സെക്രട്ടറിയേറ്റിന് കിട്ടിയത്. അതില്‍ സ്പീക്കര്‍ നിയമോപദേശം തേടിയതിന് ശേഷമാണ് രാഹുലിനെ അയോഗ്യനാക്കിയത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷനെയും അയോഗ്യനാക്കിയ വിവരം അറിയിച്ചിട്ടുണ്ട്. 2019 ഏപ്രില്‍ 13നായിരുന്നു രാഹുലിന്റെ വിവാദ പ്രസംഗം. നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാണിച്ച് മോദി എന്ന് പേരുള്ളവരൊക്കെ കള്ളന്‍മാരാണൊയിരുന്നു രാഹുല്‍ പ്രസംഗത്തിനിടെ പറഞ്ഞത്.

വളരെ തിടുക്കപ്പെട്ടാണ് തീരുമാനം എടുത്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കും. നിയമ പോരാട്ടത്തിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, എന്നും പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.

എതിര്‍ ശബ്ദത്തെ മുഴുവന്‍ കേന്ദ്രം നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്നും ജനാധിപത്യത്തെ കറുത്ത അധ്യായത്തിലേക്ക് കൊണ്ടുപോകുന്നുവെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റുകള്‍ മൂടിവയ്ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മോദിയുടെ തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിശബ്ദരാക്കുന്നു. ഭാരത് ജോഡോ യാത്ര ബിജെപിക്ക് വെല്ലുവിളിയായി. അതോടെയാണ് രാഹുലിനെ കുരുക്കാനുള്ള ശ്രമം തുടങ്ങിയതെന്ന് ആരോപിപിച്ച കെ സി വേണുഗോപാല്‍, പാര്‍ലമെന്റിലെ രാഹുലിന്റെ ഏത് വാക്കാണ് മോശമായതെന്നും ചോദിച്ചു. രാഹുലിന്റെ ശബ്ദമുയര്‍ത്താന്‍ സമ്മതിക്കുന്നില്ലെന്നും അദ്ദംഹം പറഞ്ഞു.