പ്രവര്‍ത്തകസമിതിയില്‍ രൂക്ഷവിമര്‍ശനം; പ്രിയങ്ക ഗാന്ധി രാജി വെച്ചേക്കും

പ്രവര്‍ത്തക സമിതിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്കാ ഗാന്ധി രാജിവെച്ചേക്കുമെന്ന് സൂചന. ഇപ്പോള്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.

അഞ്ച് സംസ്ഥാനങ്ങളില്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടര്‍ന്ന് നേതൃത്വമാറ്റം ആവശ്യപ്പെട്ട് ജി 23 നേതാക്കള്‍ രംഗത്തെത്തി. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടംബം പിന്‍മാറണം. എന്നാല്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷം രാജസ്ഥാനിലെ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബം ആലോചിക്കുന്നത്. ഈ ഫോര്‍മുല അംഗീകരിക്കേണ്ട എന്നും ജി 23 നേതാക്കള്‍ തീരുമാനിച്ചു.

ഡല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വസതിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നിവരടക്കമുള്ള നേതാക്കളാണ് ഒത്തുകൂടിയത്. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്. പഞ്ചാബിലെ തോല്‍വിയടക്കം ചൂണ്ടിക്കാട്ടി പ്രവര്‍ത്തക സമിതിയില്‍ കെ സി വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനാണ് ഗ്രൂപ്പ് 23 തീരുമാനിച്ചിരിക്കുന്നത്.