പട്‌നയില്‍ മോദിയെ ആക്രമിക്കാനുള്ള ഭീകരവാദികളുടെ പദ്ധതി പൊളിച്ച് പൊലീസ്; രണ്ടു പേര്‍ അറസ്റ്റില്‍

ജൂലൈ പന്ത്രണ്ടിന് ബീഹാറിന്റെ തലസ്ഥാനമായ പട്‌നയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാനുള്ള ഭീകരവാദ സംഘത്തിന്റെ പദ്ധതി തകര്‍ത്ത് പട്‌ന പൊലീസ്. ആക്രമണത്തിന് പദ്ധതിയിട്ട രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയതു. ഭീകരര്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് അറിയിച്ചു.

2047നുള്ളില്‍ ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു തീവ്രവാദികളുടെ പ്രവര്‍ത്തനമെന്ന് പൊലീസ് വെളിപ്പെടുത്തി. അതര്‍ പര്‍വേസ്, മുഹമ്മദ് ജലാലുദ്ദീന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്‌നയ്ക്കു സമീപം ഫുല്‍വാരി ഷരീഫില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ പ്രദേശത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് അവിടെ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ നിലയില്‍ ചില രേഖകള്‍ പിടിച്ചെടുത്തു. ‘2047 ഇന്ത്യ ഇസ്‌ലാമിക് ഇന്ത്യയുടെ ഭരണത്തിലേക്ക്’ എന്ന തലക്കെട്ടിലുള്ള ഒരു രേഖയുമാണ് പിടിച്ചെടുത്തത്. മറ്റു ചില ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

തീവ്രവാദ പരിശീലനങ്ങള്‍ക്കായി കേരളം, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി യുവാക്കള്‍ ഈ പ്രദേശത്ത് എത്തുന്നതായി അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായ യുവാക്കള്‍ക്ക് പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.