കർഷക പ്രതിഷേധത്തിന് പിന്നിൽ രാമക്ഷേത്രത്തോടുള്ള അതൃപ്തി: യോഗി ആദിത്യനാഥ്

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തോടുള്ള പ്രതിപക്ഷത്തിന്റെ അതൃപ്തിയാണ് കർഷക പ്രതിഷേധത്തിന് പിന്നിൽ എന്ന കൗതുകകരമായ വാദം ഉന്നയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷ പാർട്ടികൾ കൃഷിക്കാരെ ഉപയോഗിച്ച് രാജ്യത്ത് അശാന്തിക്ക് ആക്കം കൂട്ടി എന്നും ആദിത്യനാഥ് ആരോപിച്ചു.

“ഭാരതം ഒന്നാവുന്നതും, ശ്രേഷ്ഠ ഭാരതമാവുന്നതും ഇഷ്ടപ്പെടാത്തവരുടെ അസൂയയാണിത്. പ്രതിഷേധം തുടരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ആദ്യം അവർ പറഞ്ഞത് എം‌എസ്‌പി (താങ്ങുവില) ഉറപ്പ് നൽകണമെന്നായിരുന്നു. എം‌എസ്‌പി പിൻവലിക്കുന്ന പ്രശ്നമേ ഇല്ലെന്ന് സർക്കാർ പറഞ്ഞു. പിന്നെ എന്തിനാണ് ആളുകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത്? കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു, അയോദ്ധ്യയിൽ ഒരു മഹത്തായ രാമക്ഷേത്രം പണിയുന്നുവെന്നത് അവർക്ക് സഹിക്കാൻ കഴിയുന്നില്ല,” എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പടിഞ്ഞാറൻ യുപിയിലെ ബറേലി ജില്ലയിലെ ഒരു കാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

ഇന്ത്യൻ കർഷകരെ സഹായിക്കാനുള്ള പ്രധാനമന്ത്രിയുടെ അഭൂതപൂർവമായ ശ്രമങ്ങളെ ആദിത്യനാഥ് പ്രശംസിക്കുകയും കമ്മ്യൂണിസത്തെ ആക്രമിക്കുകയും ചെയ്തു. ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ അത് ശരിയാകും എന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഒരിക്കലും നടപ്പിലാവില്ലെന്നും. കർഷകരുടെ ജീവിതത്തിൽ ഒരു മാറ്റവും ആഗ്രഹിക്കാത്തവരുമുണ്ടെന്ന് ആദിത്യനാഥ് പറഞ്ഞു.