യുദ്ധവിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നുവെന്ന് സൈന്യം; ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം പാര്‍ലമെന്റില്‍; പ്രതിരോധമന്ത്രി ഇരു സഭകളെയും അഭിസംബോധന ചെയ്യും

ന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. തവാങ് സംഘര്‍ഷത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും സംസാരിക്കും. ഉച്ചയ്ക്ക് 12ന് ലോകസഭയെയും ഉച്ചയ്ക്ക് രണ്ടിന് രാജ്യസഭയെയും അദേഹം അഭിസംബോധന ചെയ്യും. ഉന്നതതല യോഗത്തിന് ശേഷമാണ് അദേഹം ഇരുസഭകളെയും അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേനാ മേധാവി ആര്‍. ഹരികുമാര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരി, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, സംയുക്ത സൈനിക മേധാവി ലഫ്. ജനറല്‍ അനില്‍ ചൗധരി എന്നിവരാണ് ഉന്നതല യോഗത്തില്‍ പങ്കെടുത്ത്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹളം ഉയര്‍ത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ലോകസഭ 12വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഈ മാസം 9ന് അരുണാചലിലെ തവാങ്ങില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരു പക്ഷത്തെയും ഏതാനും സൈനികര്‍ക്ക് പരുക്കേറ്റതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷ മേഖലയില്‍നിന്ന് അല്‍പസമയത്തിനകം ഇരു കൂട്ടരും പിന്മാറിയെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു.സംഭവത്തെത്തുടര്‍ന്ന് ഇരുഭാഗത്തെയും സേനാ കമാന്‍ഡര്‍മാര്‍ അതിര്‍ത്തിയില്‍ ചര്‍ച്ച നടത്തി.

ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരവേയാണ് അരുണാചല്‍ അതിര്‍ത്തിയിലും ചൈനയുടെ കടന്നുകയറ്റ ശ്രമം ഉണ്ടായത്. ചൈനീസ് ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചുവെന്നും സേന വിമാനങ്ങള്‍ ഉപയോഗിച്ച് ഇവയെ തുരത്തുകയായിരുന്നു. അതിര്‍ത്തിയിലെ പ്രകോപനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സൈനിക വിമാനങ്ങള്‍ തയാറാക്കി നിര്‍ത്തിയിരുന്നതായും സേന വൃത്തങ്ങള്‍ വ്യക്തമാക്കി.