ആംബുലൻസില്ല, കാൽനടയാത്രക്ക് സൌകര്യമുള്ള റോഡുപോലുമില്ല; ചത്തീസ്ഗഢിൽ ഗർഭിണിയെ കൊട്ടയിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു

ആംബുലൻസിന് വരാൻ റോഡില്ലാത്തതിനാൽ ചത്തീസ്ഗഢിൽ ഗർഭിണിയെ കൊട്ടയിൽ ചുമന്ന് പുഴ കടത്തി ആശുപത്രിയിലെത്തിച്ചു. സുർഗുജയിലെ കണ്ടി വില്ലേജിലാണ് സംഭവം. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് റോഡില്ല.  കാൽനടയാത്രക്ക് പോലും സൌകര്യമുള്ള വഴികളില്ലാതെ ദുരിതമനുഭവിക്കുകയാണ് പ്രദേശവാസികൾ.

സംസ്ഥാനത്ത് പലഭാഗത്തും മഴ കനത്തതിനാൽ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രദേശത്തുള്ള യുവതിക്ക് പ്രസവവേദനയുണ്ടായത്. സർക്കാർ സംവിധാനവുമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് നാലു പുരുഷൻമാർ കമ്പിൽ തൂക്കിയ കൊട്ടയിലിരുത്തി യുവതിയെ തോളിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു. തോളിലെ കുട്ടയില്‍ യുവതിയുമായി ഈ യുവാക്കള്‍ ശക്തമായ ഒഴുക്കുള്ള പുഴ മുറിച്ചുകടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

അതേസമയം ഈ സംഭവം മികച്ച ആരോഗ്യ സംവിധാനങ്ങളുടെ പരാജയമല്ല, മറിച്ച് കനത്ത മഴയായതിനാൽ ചില ഗ്രാമങ്ങളിലേക്ക് എത്തിച്ചേരാനും അവരുമായി ബന്ധപ്പെടാനുമുള്ള പ്രയാസം കാരണമാണെന്ന് ജില്ല കലക്ടർ സഞ്ജയ് കുമാർ ഝാ പറഞ്ഞു. ഇത്തത്തിലുള്ള സ്ഥലങ്ങളില്‍ അവശ്യ സര്‍വീസുകള്‍ക്കായി ചെറിയ കാറുൾപ്പെടെ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.