പെഗാസസ് ഉപയോഗിച്ച്‌ നരേന്ദ്രമോദി ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനെ ആക്രമിച്ചു: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ ഫോണുകളിൽ ഒരു ആയുധം കേറ്റുകയും അത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ആത്മാവിനെ ആക്രമിക്കാൻ ഉപയോഗിച്ചുവെന്നും കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. പെഗാസസ് ഫോൺ ചോർത്തൽ ആരോപണവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെ നിശബ്ദമാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സർക്കാരിനെതിരെ തന്ത്രം മെനയുന്നതിനായി 14 പ്രതിപക്ഷ പാർട്ടികൾ ചേർന്ന മെഗാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. പെഗാസസ് വിഷയം പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമാവുകയും പാർലമെന്റിന്റെ വർഷകാല സമ്മേളനം ആവർത്തിച്ച് മാറ്റിവയ്ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

“പ്രതിപക്ഷം മുഴുവൻ ഇവിടെയുണ്ട്, പാർലമെന്റിൽ ഞങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെടുകയാണ്. പെഗാസസ് സോഫ്റ്റ്വെയർ കേന്ദ്ര സർക്കാർ വാങ്ങിയതാണോ എന്നും ഇന്ത്യയിലെ ചില വ്യക്തികൾക്കെതിരെ ഇത് ഉപയോഗിച്ചിട്ടുണ്ടോ എന്നും മാത്രമാണ് ഞങ്ങൾ ചോദിക്കുന്നത്,” രാഹുൽ ഗാന്ധി പറഞ്ഞു.

“നിങ്ങളുടെ ഫോണുകളിൽ നരേന്ദ്ര മോദി ഒരു ആയുധം കയറ്റുകയും, പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവർക്കെതിരെ ഇത് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ പാർലമെന്റിൽ ഒരു ചർച്ച ഉണ്ടാകേണ്ടതല്ലേ എന്നാണ് എനിക്ക് ജനങ്ങളോട് ചോദിക്കാനുള്ളത്,” രാഹുൽ ഗാന്ധി പറഞ്ഞു.

“പെഗാസസിനെക്കുറിച്ച് ഒരു ചർച്ച വേണ്ടെന്ന് പ്രതിപക്ഷം സമ്മതിച്ചാൽ ഈ വിഷയം കുഴിച്ചുമൂടപ്പെടും. പെഗാസസ് പാർലമെന്റിൽ ചർച്ച ചെയ്യപ്പെടാതെ ഒരു വിട്ടുവീഴ്ചയ്ക്കും പ്രതിപക്ഷം തയ്യാറല്ല,” രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.