മംഗളൂരു സ്ഫോടനം: 'ലക്ഷ്യമിട്ടത് പ്രശസ്ത ക്ഷേത്രം', ഉത്തരവാദിത്വം ഏറ്റ് ഇസ്‌ലാമിക് സംഘടന

കഴിഞ്ഞ ശനിയാഴ്ച മംഗളൂരു നാഗൂരിയില്‍ ഓട്ടോറിക്ഷയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ‘ഇസ്‌ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍’ എന്ന സംഘടന. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള കത്ത് ലഭിച്ചെന്നും സ്ഫോടനം പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുകയും അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിനെതിരായ തിരിച്ചടിയാണ് ഉദ്ദേശിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ അലോക് കുമാറിനെതിരെ കത്തില്‍ ഭീഷണിയുമുണ്ട്.

കത്ത് എവിടെനിന്നാണ് വന്നതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സംഘടനയുടെ പേര് ആദ്യം കേള്‍ക്കുകയാണെന്നും കത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read more

സ്ഫോടനം ആസൂത്രണം ചെയ്ത ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖ് (29) എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇംഗ്ലിഷിലുള്ള കത്തില്‍ ഷരീഖിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.